മതിയാവോളം വാക്‌സിൻ, ആവശ്യക്കാരെ കാത്ത് വിതരണ കേന്ദ്രങ്ങൾ

Sunday 19 September 2021 10:55 PM IST

@ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം കുറച്ചു


തിരുവനന്തപുരം: വാക‌്സിൻ വിതരണം കേന്ദ്ര സർക്കാർ സുഗമമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ സുലഭം. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കുമില്ല. വാക്‌സിനെടുക്കാൻ വരുന്നവരെ കാത്തിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. ഭൂരിഭാഗം ജില്ലകളിലെയും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉച്ചയ്ക്കുശേഷം ആരുമെത്താറില്ല. ഇതോടെ രാത്രി ഏഴുവരെ പ്രവർത്തിച്ചിരുന്ന പലകേന്ദ്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തനം വൈകിട്ട് മൂന്നുവരെയാക്കി ചുരുക്കി. ഈ സ്ഥിതി തുടർന്നാൽ വരുംദിവസങ്ങളിൽ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കും. കൊവീഷീൽഡിന് മുട്ടില്ലെങ്കിലും കൊവാക്‌സിൻ കൂടുതൽ എത്തേണ്ടതുണ്ട്. ഇന്നലെ അഞ്ചുലക്ഷത്തിലധികം കൊവീഷീൽഡ് എത്തി. ഇതോടെ പത്തുലക്ഷത്തിലധികം കൊവീഷീൽഡ് സ്റ്റോക്കുണ്ട്.

 വാക്സിൻ എടുക്കാത്തവരുടെ

വിവരങ്ങൾ ശേഖരിക്കുന്നു

ഇതുവരെ ആദ്യഡോസ് വാക്‌സിൻ എടുത്തവർ 89% പിന്നിട്ടു. 36.7% പേർക്ക് രണ്ട് ഡോസും നൽകി.

ഇനിയും ഒരു ഡോസ് പോലും എടുത്തിട്ടില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. തെറ്റിദ്ധാരണകളും ഭയപ്പാടും കാരണം മാറി നിൽക്കുന്നവരെ കാര്യങ്ങൾ വിശദീകരിച്ച് വാക്‌സിനേഷനിൽ പങ്കാളിയാക്കാനാണ് ശ്രമം. കൊവിഡ് വന്നതിനാൽ മൂന്നുമാസത്തിന് ശേഷം മാത്രം വാക്‌സിനെടുക്കാൻ എത്രപേരുണ്ടെന്ന വിവരവും ശേഖരിക്കുന്നുണ്ട്.

@ ആശങ്ക വേണ്ട,

കൊവാക്‌സിനും കിട്ടും


കൊവാക്സിൻ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിരുന്നില്ല. കേന്ദ്രത്തിൽ നിന്ന് അവസാന രണ്ടുതവണ എത്തിയ സ്റ്റോക്കിൽ കൊവാക്‌സിൻ ഇല്ലാത്തതായിരുന്നു കാരണം. ഇന്നലെ 55000 ഡോസ് എത്തിയതോടെ നാളെ മുതൽ ആവശ്യാനുസരണം ലഭ്യമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ എണ്ണത്തിന് അനുസരിച്ച് ഓരോ ജില്ലകളിലേക്കും എത്തിക്കും. കൂടുതൽ ഡോസ് രണ്ടുദിവസത്തിനുള്ളിൽ എത്തുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.


 ഇതുവരെ

വാക്‌സിനെടുത്തവർ

@ ആദ്യ ഡോസ് 2,37,96,983

@ രണ്ടാം ഡോസ് 98,27,104

45ന് മുകളിലുള്ളവർ

@ ആദ്യ ഡോസ് 96%

@ രണ്ടു ഡോസും 55%

Advertisement
Advertisement