ദൃശ്യപ്പൊലിമയിൽ പ്രവീൺ പ്ലാവിളയിലിന്റെ മഴയാത്ര

Monday 20 September 2021 12:07 AM IST

കോന്നി : ബ്ളോക്ക് പഞ്ചായത്ത് അംഗവും മുൻ കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ പ്ലാവിളയിലിന്റെ മഴയാത്രയെന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഗ്രാമത്തിന്റെ വിശുദ്ധിയും കുടുംബ ബന്ധങ്ങളുടെ നൈർമ്മല്യവും ഇതിവൃത്തമാക്കി മഴയുടെ പശ്ചാത്തലത്തിലാണ് മഴയാത്രയുടെ ചിത്രീകരണം. മുത്തശ്ശി കഥകൾ കേട്ടു വളർന്ന ബാല്യകൗമാരങ്ങളുടെ ഹൃദയവികാരങ്ങളുടെ വേലിയേറ്റം അഭ്രപാളിയിലേക്ക് പകർത്തുന്നത് മഴയുടെ സംഗീതത്തിനൊപ്പമാണ്. മുത്തശ്ശിയുടെ തണലിൽ വളർന്ന ചെറുമകന്റെ ഹൃദയവികാരങ്ങളിലൂടെ കുടുംബബന്ധങ്ങളുടെ കഥ പറയുകയാണ്. മഴയാത്ര, താടി, മകൾക്കായി, പകൽവീട്, ദൈവം വലിയവനാണ്, വാക പൂത്തവഴിയിൽ, പൂരകാഴ്ചകൾ, ഉത്തമൻ കൊച്ചാട്ടന്റെ കട തുടങ്ങിയ പ്രവീണിന്റെ കഥകൾ മലയാളത്തിലെ പ്രമുഖപ്രസാധകരാണ് പ്രസിദ്ധീകരിച്ചത്.

കുട്ടികളുടെ മാസികയായ വിദ്യാരംഗത്തിൽ മഴയാത്ര പ്രസിദ്ധീകരിച്ചിരുന്നു. കൊടുമൺ, അങ്ങാടിക്കൽ, വി.കോട്ടയം, വള്ളിക്കോട്, കോന്നി, വകയാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത് ചിത്രീകരിച്ച ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഭിജിത്ത് ഹരിയാണ്. ദിലീപ് ഈശ്വരനാണ് ഛായാഗ്രഹണം നിർവഹിച്ചത്. ശിവാനി ഗാനരചനയും കെ.എസ്‌. ഉണ്ണികൃഷ്‌ണൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ട്വന്റി ഫോർ അറ്റ് കമ്പനി, ഫിലിം ആർട്ട് സ്റ്റുഡിയോ, മീഡിയ മലയാളി എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Advertisement
Advertisement