ശബരിമല സോളാർ പ്ലാന്റ്: സ്പോൺസർമാരുമായി ചർച്ച ഉടൻ
തിരുവനന്തപുരം: ശബരിമലയിൽ വൈദ്യുതി ഉത്പാദനത്തിന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്‌പോൺസർമാരെ കണ്ടെത്താൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരടക്കമുള്ളവർ ഉടൻ ഹൈദരാബാദിലേക്ക് തിരിക്കും.
നിലവിൽ ചില മലയാളികളും അല്ലാത്തവരുമായ ബിസിനസുകാരുമായി അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ട്. ഇതിൽ താത്പര്യം പ്രകടിപ്പിച്ചവരുമായാകും ചർച്ചകൾ. സോളാർ പ്ലാന്റ് ഉൾപ്പെടെ ശബരിമലയുടെ വികസനത്തിന് വിവിധയിടങ്ങളിലെ അയ്യപ്പഭക്തരുടെ സഹായ വാഗ്ദാനമുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. ചർച്ചകൾക്കായി ബിസിനസുകാരുടെ മീറ്റ് സംഘടിപ്പിക്കും. ഒക്ടോബറോടെയാവും യാത്ര.
സിയാൽ പഠനം നടത്തി
സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ പഠനത്തിനായി സിയാൽ അധികൃതർ സന്നിധാനവും നിലയ്‌ക്കലും സന്ദർശിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതാ റിപ്പോർട്ട് ലഭിച്ചാൽ അടുത്തഘട്ട നടപടികൾ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. തീർത്ഥാടന സീസണിൽ പത്ത് കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. രണ്ട് സോളാർ പ്ലാന്റുകൾക്ക് വേണ്ടിവരുന്ന 20 കോടിയോളം രൂപ മുടക്കാൻ കൊവിഡ് പ്രതിസന്ധിയിൽ ബോർഡിന് സാധിക്കാത്തതിനാലാണ് സ്‌പോൺസർമാരെ തേടുന്നത്. ആദ്യം നിലയ്ക്കലാണ് പ്ലാന്റ് സ്ഥാപിക്കുക.