സ്‌കൂൾ തുറക്കും മുമ്പ് വമ്പിച്ച ഒരുക്കങ്ങൾ,​ ഒരു  ദിവസം പകുതി വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ ആലോചന

Sunday 19 September 2021 11:47 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ തുടർനടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ്. 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. ഷിഫ്റ്റ് സംവിധാനത്തിലൂടെ ഒരു ദിവസം പകുതി വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനാണ് ആലോചന.

പ്ലസ് വൺ പരീക്ഷാ നടത്തിപ്പിലാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ,ഈയാഴ്‌ച തന്നെ ആരോഗ്യ വകുപ്പുമായി ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങൾ ആരംഭിക്കും. സ്‌കൂളുകൾ തുറക്കുന്നതിനെ അദ്ധ്യാപക സംഘടനകളടക്കം സ്വാഗതം ചെയ്യുന്നു. എന്നാൽ കൊവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ, പ്രൈമറി ക്ളാസുകൾ ഉടൻ തുറക്കുന്നതിൽ എതിർപ്പുണ്ട്.ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായവും പരിഗണിക്കേണ്ടി വരും.

വെല്ലുവിളികൾ

 വിദ്യാർത്ഥികൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

 ഒരു ബെഞ്ചിൽ എത്ര പേരെന്ന് തീരുമാനിക്കണം

 ഒന്നരവർഷമായി അടഞ്ഞു കിടക്കുന്ന സ‌കൂളുകളിലെ ശുചീകരണം.

 സ്‌കൂൾ ബസ് അടക്കമുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ

 35 ലക്ഷത്തിലധികം കുട്ടികൾക്ക് മാസ്‌ക് .

 ബസുകളില്ലാത്ത സ്‌കൂളുകളിൽ പകരം സംവിധാനം

 അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കണം

വിദ്യാഭ്യാസ വകുപ്പുമായി

ആലോചിച്ചു: മന്ത്രി.ശിവൻകുട്ടി

വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. . ആരോഗ്യ മന്ത്രിയുമായും ചർച്ച നടത്തി. കുട്ടികൾക്ക് പൂർണ സംരക്ഷണം നൽകും. സ്‌കൂൾ തുറക്കാനുള്ള വിപുലമായ പദ്ധതി ഒക്ടോബർ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.സംസ്ഥാന , ജില്ലാ തലത്തിൽ യോഗം നടക്കുമെന്നും മന്ത്രി പറഞ്ഞു

Advertisement
Advertisement