സർക്കാരിന്റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നു; ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്കത്തിൽ വിമർശനവുമായി ഹൈക്കോടതി

Monday 20 September 2021 10:50 AM IST

കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ പള്ളിതർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന്റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും, കോടതി ഉത്തരവിട്ടാൽ അത് നടപ്പാക്കണ്ട സംവിധാനം സർക്കാരിനുണ്ടെന്നും ഹൈക്കോടതി വിമർശിച്ചു.

വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് സർക്കാർ പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിലുള്ള ഭിന്നത തികച്ചും അപകടകരമായ സാഹചര്യത്തിലാണ്. വിഷയത്തിൽ സർക്കാർ സെപ്തംബർ 29ന് മുൻപ് നിലപാട് അറിയിക്കണമെന്നും കോടതി നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓർത്തഡോക്സ് പള്ളി കമ്മിറ്റികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.