ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ആൾറൗണ്ടർ, ഇന്ന് ജീവിതം വീൽചെയറിൽ, ഇന്ത്യൻ താരങ്ങളെ പോലും വിറപ്പിച്ച ന്യൂസിലാൻഡ് ക്രിക്കറ്റർ വിധിയുമായി മല്ലിടുന്നു

Monday 20 September 2021 11:04 AM IST

വെല്ലിംഗ്ടൺ: ഏതാനും നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്ന മുൻ ന്യൂസിലാൻഡ് ക്യാപ്ടൻ ക്രിസ് കെയ്ൻസിന് പക്ഷാഘാതം പിടിപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നട്ടെല്ലിലെ അടിയന്തിര ശസ്ത്രക്രിയക്കു കെയ്ൻസിനെ വിധേയനാക്കിയിരുന്നു. എന്നാൽ പക്ഷാഘാതത്തെ തുടർന്ന് തന്റെ രണ്ടു കാലുകളും തളർന്നു പോയെന്നും ഇനി ജീവിതം വീൽചെയറിൽ തള്ളിനീക്കേണ്ടി വരുമെന്നും താരം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കാലുകൾ തളർന്നു പോയെങ്കിലും താൻ ജീവിതത്തെ വളരെ പോസിറ്റീവായി കാണുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും കെയ്ൻസ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അടുത്തടുത്ത് നിരവധി ശസ്ത്രക്രിയകൾക്ക് കെയ്ൻസ് വിധേയനായിരുന്നു. തന്റെ ഹൃദയത്തെ തത്ക്കാലത്തേക്ക് രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതിന് താൻ അവരോട് എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും കെയ്ൻസ് വ്യക്തമാക്കി. 51കാരനായ കെയ്ൻസ് എക്കാലത്തേയും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 1989 മുതൽ 2006 വരെ മത്സരരംഗത്തുണ്ടായിരുന്ന കെയ്ൻസ് ഏകദിനത്തിൽ 4 സെഞ്ച്വറിയും 201 വിക്കറ്റും നേടിയപ്പോൾ ടെസ്റ്റിൽ അഞ്ച് സെഞ്ച്വറിയും 218 വിക്കറ്റിും സ്വന്തമാക്കിയിട്ടുണ്ട്.