തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല; താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്ന് സുരേന്ദ്രൻ

Monday 20 September 2021 1:46 PM IST

മലപ്പുറം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കെ സുധാകരനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും, ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണെന്നും അദ്ദേഹം വിമർശിച്ചു.താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല. പെൺകുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസമെന്നും സുരേന്ദ്രൻ പറഞ്ഞു.