കൊറോണ തോറ്റുപോയത് മതത്തിന്റെ മുമ്പിൽ മാത്രമാണ്, മാർക്സും വയലാറും പറഞ്ഞത് യാഥാർത്ഥ്യം ആകുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Monday 20 September 2021 6:25 PM IST

തിരുവനന്തപുരം: കൊറോണ വെെറസ് തോറ്റുപോയത് മതത്തിന്റെ മുമ്പിൽ മാത്രമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. കുറച്ചുകാലം മതങ്ങളുടെ വിഷ പത്തികൾ അടക്കി വയ്ക്കുവാൻ ഈ വൈറസിന് സാധിച്ചുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം വർഗീയതയുടെയും വിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വിഷ പത്തികൾ വർദ്ധിച്ച വീര്യത്തോടെയും പ്രതികാരദാഹത്തോടെയും വിടർന്ന് ആടുകയാണ്. ഭയവും വിദ്വേഷവും ജനിപ്പിക്കുന്ന പ്രസ്താവനകൾ ഉയരുന്നു. പ്രളയ കാലത്തും മഹാമാരിയുടെ അതിരൂക്ഷമായ സമയത്തും നാം തിരിച്ചുപിടിച്ച കരുതലും മാനവികതയും വിട്ടുകളഞ്ഞ് വീണ്ടും മതാന്ധതയുടെ തടവുകാരായി മാറുന്നു. സായിപ്പിന്റെ നാട്ടിൽ മാർക്സും നമ്മുടെ നാട്ടിൽ വയലാറും പറഞ്ഞത് യാഥാർത്ഥ്യം ആകുന്നു! മതമല്ല മനുഷ്യത്വം ആണ് വലുത് എന്ന് പഠിക്കാൻ ഇനി പുതിയ മഹാമാരിയെ നാം ക്ഷണിച്ചു വരുത്തണമോ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശാസ്ത്രത്തെയും സമ്പന്ന രാജ്യങ്ങളെയും ലോകം മുഴുവനെയും കിടുകിടാ വിറപ്പിച്ച ഉഗ്ര പ്രഹരശേഷിയുള്ള കൊറോണ വൈറസ് പക്ഷേ തോറ്റുപോയത് മതത്തിന്റെ മുൻപിൽ മാത്രമാണ്. കുറച്ചുകാലം മതങ്ങളുടെ വിഷ പത്തികൾ അടക്കി വയ്ക്കുവാൻ ഈ വൈറസിന് സാധിച്ചുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം വർഗീയതയുടെയും വിദ്വേഷത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും വിഷ പത്തികൾ വർദ്ധിച്ച വീര്യത്തോടെയും പ്രതികാരദാഹത്തോടെയും വിടർന്ന് ആടുകയാണ്. പള്ളിപിടുത്തത്തിന്റെ പുതിയ സീസണിന് കാഹളം മുഴങ്ങി കഴിഞ്ഞു. ഭയവും വിദ്വേഷവും ജനിപ്പിക്കുന്ന പ്രസ്താവനകൾ ഉയരുന്നു. കുറച്ചുകാലം ഉറങ്ങിക്കിടന്നിരുന്ന ആൾദൈവങ്ങൾ ഉണർന്നു എഴുന്നേൽക്കുന്നു. ഇടക്കാലത്ത് വേണ്ടെന്നുവച്ച അനാചാരങ്ങളും ആഡംബരങ്ങളും ആർഭാടങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നു. പ്രളയ കാലത്തും മഹാമാരിയുടെ അതിരൂക്ഷമായ സമയത്തും നാം തിരിച്ചുപിടിച്ച കരുതലും മാനവികതയും വിട്ടുകളഞ്ഞ് വീണ്ടും മതാന്ധതയുടെ തടവുകാരായി മാറുന്നു. സായിപ്പിന്റെ നാട്ടിൽ മാർക്സും നമ്മുടെ നാട്ടിൽ വയലാറും പറഞ്ഞത് യാഥാർഥ്യം ആകുന്നു! മതമല്ല മനുഷ്യത്വം ആണ് വലുത് എന്ന് പഠിക്കാൻ ഇനി പുതിയ മഹാമാരിയെ നാം ക്ഷണിച്ചു വരുത്തണമോ?