ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്രവും സംസ്ഥാനവും ഭായി-ഭായി:ഉമ്മൻചാണ്ടി

Monday 20 September 2021 8:40 PM IST

തിരുവനന്തപുരം :ഇന്ധന, പാചക വാതക വിലവർദ്ധനയിലൂടെ നടക്കുന്നത് പകൽക്കൊള്ളയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജനത്തെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഭായി-ഭായിമാരാണ്.

യു.ഡി.എഫ് ധർണ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി.എസ്.ടിയുടെ പരിധിയിൽ ഇന്ധനവില ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. സംസ്ഥാന സർക്കാരിന് ഖജനാവ് നിറയ്ക്കുന്നതിൽ മാത്രമാണ് താല്പര്യം. ജനങ്ങൾക്കുണ്ടാകുന്ന ഭാരിച്ച നഷ്ടത്തിൽ അവർക്കൊരു ഉത്കണ്ഠയുമില്ല.
കേന്ദ്ര സർക്കാർ കേരളത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ കമ്പനിയും തുച്ഛ വിലയ്ക്ക് വിൽക്കാനുള്ള നീക്കത്തിലാണ്. വെള്ളൂരിലെ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് സ്ഥലംനൽകിയത് സംസ്ഥാന സർക്കാരായതിനാൽ ആ സ്ഥാപനം മടക്കി ലഭിച്ചു. എന്നിട്ടും ഫാക്ടറി പ്രവർത്തിപ്പിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകുന്നില്ല.
യു ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂർ എം.പി., പാലോട് രവി, വി.എസ്. ശിവകുമാർ, എൻ. ശക്തൻ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ബീമാപള്ളി റഷീദ്,
ടി. ശരത് ചന്ദ്രപ്രസാദ്, വി.എസ്.ഹരീന്ദ്രനാഥ്, കൊട്ടാരക്കര പൊന്നച്ചൻ, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്, കരുമം സുന്ദരേശൻ, ജയചന്ദ്രൻ, ഗുലാം മുഹമ്മദ്, തൈക്കാട് ശ്രീകണ്ഠൻ, പാളയം ഉദയൻ, ചാക്ക രവി, ചാല സുധാകരൻ, എം.ആരിഫ്, എം.പോൾ, ടി.ബഷീർ, മാണിക്യവിളാകം അബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement