കേരളത്തിലേക്ക് ക്രിക്കറ്റും ഫുട്ബാളും,​ ട്വന്റി 20 തിരുവനന്തപുരത്ത്,​ സന്തോഷ് ട്രോഫി ഫൈനൽ മഞ്ചേരിയിൽ

Monday 20 September 2021 11:09 PM IST

തിരുവനന്തപുരത്ത് ട്വന്റി -20 ക്രിക്കറ്റ് മത്സരം

കൊച്ചിയിൽ അന്താരാഷ്ട്ര വനിതാ ഫുട്ബാൾ ടൂർണമെന്റ്

സന്തോഷ് ട്രോഫി കേരളത്തിൽ, ഫൈനൽ മഞ്ചേരിയിൽ


തിരുവനന്തപുരം: വരും വർഷം ദേശീയ,അന്തർദേശീയ കായിക മത്സരങ്ങൾക്ക് വേദിയാകാൻ കേരളം. അടുത്ത വർഷം ഫെബുവരി 20ന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി-20 ക്രിക്കറ്റ് മത്സരം നടക്കും.അടുത്ത വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കും വേദിയാകുന്നത് കേരളമാണ്. വിവിധ സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഫൈനൽ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. കൊച്ചിയിൽ ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര വനിതാ ഫുട്ബാൾ ടൂർണമെന്റും നടക്കും.ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി സഹകരിച്ച് സബ് ജൂനിയർ- ജൂനിയർ ദേശീയ ലീഗുകളും പരിശീലനക്യാമ്പുകളും നടത്താനും തീരുമാനിച്ചതായി കായിക മന്ത്രി വി.അബ്ദു റഹ്മാൻ അറിയിച്ചു.

കാര്യവട്ടത്ത് വീണ്ടും വിൻഡീസ്

ഇന്ത്യൻ പര്യടനത്തിനെത്തുന്ന വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരയിലെ അവസാന ട്വന്റി-20 മത്സരത്തിനാണ് ഫെബ്രുവരി 20ന് കാര്യവട്ടം ആതിഥേയത്വം വഹിക്കുക. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരിക്കുമിത്.വിൻഡീസ് ഇവിടെ ഇന്ത്യയ്ക്ക് എതിരാളിയാകുന്നത് മൂന്നാംവട്ടവും.2018ൽ ഏകദിനത്തിലും 2019ൽ ട്വന്റി-20യിലും കാര്യവട്ടത്ത് ഇന്ത്യ വിൻഡീസ് പോരാട്ടം നടന്നിരുന്നു. ഏകദിനത്തിൽ ഇന്ത്യയും ട്വന്റി-20യിൽ വിൻഡീസുമാണ് ജയിച്ചത്.

അന്താരാഷ്ട്ര മത്സരത്തിന് മുമ്പ് തിരുവനന്തപുരത്ത് മൂന്ന് വേദികളിലായി രഞ്ജി ട്രോഫി മത്സരങ്ങളും വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കും. സ്പോർട്സ് ഹബ്,തുമ്പ സെന്റ് സേവ്യേഴ്സ്,മംഗലപുരം എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങൾ നടക്കുക.

കൈ കോർത്ത് കേരളവും എ.ഐ.എഫ്.എഫും

ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അഭിഷേക് യാദവുമൊത്ത് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കായികമന്ത്രി വി.അബ്ദുറഹിമാൻ വിവിധ ഫുട്ബാൾ മത്സരങ്ങളുടെ കാര്യം വെളിപ്പെടുത്തിയത്.

75 - മത് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് അടുത്ത വർഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കും.

വനിതാ അന്താരാഷ്ട്ര സീനിയർ ടൂർണമെന്റിനാണ്കൊച്ചി അടുത്തവർഷം ആതിഥേയത്വം വഹിക്കുക. ഏഴ് മത്സരങ്ങളാണ് ഉണ്ടാവുക.

ദേശീയ സബ് ജൂനിയർ, ജൂനിയർ ടൂർണമെന്റുകളിലായി ഏകദേശം 40 മത്സരങ്ങൾക്കാകും കേരളം വേദിയാവുക.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിന്റെ ക്യാമ്പ് കേരളത്തിൽ നടത്താനും എ.ഐ.എഫ്.എഫ് തയ്യാറാണ്. ആഴ്ചയിൽ ഒരു ദിവസം, പ്രാദേശിക ടീമുകൾക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയർ ടീം ക്യാമ്പും കേരളത്തിൽ നടക്കും.

പ്രാദേശിക തലം മുതൽ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയർ, സീനിയർ ലീഗുകളും സംഘടിപ്പിക്കാൻ എ.ഐ.എഫ്.എഫ് പിന്തുണ നല്‍കും. ബംഗാളിൽ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്.


ഫുട്‌ബാൾ കോച്ചുമാർക്ക് ലൈസൻസ് ലഭിക്കാനുള്ള പരിശീലന ക്ലാസുകൾക്ക് ഫെഡറേഷൻ മുൻകൈയെടുക്കും. റഫറിമാർക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും.

കളിക്കൊരുങ്ങി കാര്യവട്ടം

ആർമി റിക്രൂട്ട്മെന്റ് ഉൾപ്പടെയുള്ള പരിപാടികൾക്കായി വിട്ടുകൊടുത്തതിന്റെ പേരിൽ നാശനഷ്ടങ്ങളുണ്ടായ കാര്യവട്ടം സ്പോർട്സ് ഹബിൽ വീണ്ടും മത്സരങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും.65 ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.എന്നാൽ ഫ്ളഡ് ലിറ്റ് ഉൾപ്പടെ ശരിയാക്കാൻ ഇതിലേറെ ചെലവുവരുമെന്ന് കണക്കുകൂട്ടുന്നു.

Advertisement
Advertisement