നാരായണ ഗുരുവില്ലാതെ നാരായണൻ നായരില്ല

Tuesday 21 September 2021 1:15 AM IST

കൊല്ലം: അജ്ഞാതനായ ഒരാളാണ് 10 വർഷം മുൻപ് നാരായണനെക്കാണാൻ ഗുരുദേവനെ പോലെയുണ്ടെന്ന് പറഞ്ഞത്. അത് ഒരു നിമിത്തമായി മാറി. അയാൾ മാറ്റിമറിച്ചത് നാരായണൻ നായരുടെ ജീവിതവഴികളെയാണ്. മുഖസാദൃശ്യംകൊണ്ട് ഗുരുദേവനെ പോലെയാണ് തിരുമുല്ലവാരം, ശ്രീനീലകണ്‌ഠയിൽ നാരായണൻ നായർ (59). പിന്നീട് പലരും ഗുരുദേവന്റെ മുഖസാദൃശ്യത്തെപ്പറ്റി പറഞ്ഞു. സംശയനിവാരണത്തിനായി ശിവഗിരി മഠത്തിലെത്തി. അവിടത്തെ സന്യാസിവര്യന്മാർ പറഞ്ഞതോടെ വിശ്വാസമായി. പിന്നീട് ഗുരുദേവനിലേക്ക് അടുക്കുകയായിരുന്നു നാരായണൻ നായർ.

ശിവഗിരി തീർത്ഥാടന പദയാത്രയിൽ സ്ഥിരം ഗുരുദേവ വേഷത്തിൽ പങ്കെടുക്കാറുള്ളത് നാരായണൻ നായരാണ്. നിരവധി പുരസ്‌കാരങ്ങൾ തന്നെത്തേടിയെത്തിയത് ഗുരുദേവന്റെ അനുഗ്രഹമായി കാണുകയാണ് ഇദ്ദേഹം. സമാധിദിനത്തിൽ ശാഖയിൽ നടക്കുന്ന പ്രാർത്ഥനയിലും ഉപവാസത്തിലുമൊക്കെ പങ്കെടുക്കും. ഇത്തവണ കൊല്ലം യൂണിയൻ ഓഫീസിലായിരിക്കും പങ്കെടുക്കുന്നത്. സ്വകാര്യ വാഹന വില്പനശാലയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ചാറുകാട്, കുഴിയം നീഹാരത്തിൽ വാടകയ്ക്ക് താമസിക്കുകയാണിപ്പോൾ. മായാ നാരായണനാണ് ഭാര്യ. പാർവതി, പ്രിയങ്ക, പ്രശാന്ത് എന്നിവർ മക്കളാണ്.

'ഗുരുദേവൻ' ചലച്ചിത്രം

2013ൽ സൂര്യദേവ സംവിധാനം ചെയ്ത മഹാത്മാ അയ്യങ്കാളി എന്ന സിനിമയിൽ ശ്രീനാരായണ ഗുരുദേവനെ അവതരിപ്പിക്കുകകൂടി ചെയ്തതോടെ 'നാരായണഗുരുവില്ലാതെ നാരായണനില്ല" എന്ന തലത്തിലേക്ക് ഗുരുവുമായുള്ള ബന്ധം വളർന്നു. തുടർന്ന് എസ്.എൻ.ഡി.പി യോഗം 623​ാം നമ്പർ തിരുമുല്ലവാരം ശാഖയിൽ അംഗത്വം നേടി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗുരുദേവൻ എന്ന ചലച്ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ശിവഗിരിയിൽ നടന്നെങ്കിലും കൊവിഡ് പ്രതിസന്ധിയാൽ ചിത്രീകരണം നടന്നില്ല. ഉടൻ ചിത്രീകരണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാരായണനും മറ്റ് സിനിമാ പ്രവർത്തകരും.

Advertisement
Advertisement