പടിഞ്ഞാറേ കല്ലടയിൽ ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് വീണ്ടും പച്ചക്കൊടി

Tuesday 21 September 2021 1:16 AM IST
വെള്ളം നിറഞ്ഞു കിടക്കുന്ന പടിഞ്ഞാറേ കല്ലടയിലെ പാടശേഖരം

കൊല്ലം: വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് വിണ്ടും ജീവൻവയ്ക്കുന്നു. പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ പാടശേഖരത്ത് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി റീ ടെൻഡർ ചെയ്യുന്നനടപടി കഴിഞ്ഞ 13ന് പൂർത്തിയായി. ആഗോള ടെൻഡറിൽ അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 9 കമ്പനികൾ പങ്കെടുത്തിരുന്നു. എത്രയുംവേഗം മറ്റുനടപടികൾ പൂർത്തിയാക്കി ഒക്ടോബർ അവസാനം നിർമ്മാണം ആരംഭിക്കും. സോളാർപദ്ധതിയുടെ നിർമ്മാണച്ചുമതല നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനാണ്. കെ.എസ്.ഇ.ബിയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. വ്യാപകമായ മണലൂറ്റും ചെളിമണ്ണ് നീക്കംചെയ്യലും മൂലമാണ് നെൽക്കൃഷി സജീവമായിരുന്ന ഐത്തോട്ടുവ പാടശേഖരം വെള്ളക്കെട്ടായത്.

പടിഞ്ഞാറേ കല്ലടയിലെ പാടങ്ങൾ കുറഞ്ഞ വിലയ്ക്ക് മാഫിയകൾ വാങ്ങി കൂറ്റൻ മോട്ടോറുകളുടെ സഹായത്തോടെ ഖനനം നടത്തിയതിനെ തുടർന്ന് ഏക്കറുകണക്കിന് ഭൂമിയാണ് ആഴമുള്ള വെള്ളക്കെട്ടായി മാറിയത്. സാധാരണ കുളം പോലെ തോന്നിക്കുന്ന കയങ്ങളിൽ വീണ് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2014ൽ പഞ്ചായത്ത്‌ കമ്മിറ്റി ഫ്ളോട്ടിംഗ് സോളാർ പദ്ധതിയെന്ന ആശയം മുന്നോട്ടുവെച്ചത്. നാനൂറോളം വസ്തുഉടമകളെ ചേർത്ത് പടിഞ്ഞാറേ കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയും രൂപീകരിച്ചു. ഭൂഉടമകളിൽ നിന്ന് 25 വർഷത്തേക്ക് ഭൂമി കെ.എസ്.ഇ.ബി പാട്ടത്തിന് ഏറ്റെടുക്കും. ഇതിനുളള സമ്മതപത്രം ഉടമകൾ കൈമാറിയിട്ടുണ്ട്. നാഷണൽ ഹൈട്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടമായി 10 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് കരാർ ക്ഷണിച്ചിരുന്നു.

സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് 10 മെഗാവാട്ട് പദ്ധതി ഉപേക്ഷിച്ചു. കേന്ദ്ര പാരമ്പര്യേതര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച അൾട്രാ മെഗാ റിന്യൂവബിൾ എനർജി പവർ പാർക്ക്‌ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 2019ൽ 50 മെഗാവാട്ട് പദ്ധതിക്ക് അനുമതിലഭിച്ചു. കേന്ദ്ര സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കരാർ നൽകിയെങ്കിലും ജോലി ആരംഭിക്കാതെ കരാരുകാരായ മഹീന്ദ്ര കമ്പനി പിൻവാങ്ങി. റീടെൻഡർ നടപടി പൂർത്തിയാക്കി ജോലികൾ വേഗം ആരംഭിക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ.

പദ്ധതി ഒറ്റനോട്ടത്തിൽ

 800 കോടിയുടെ പദ്ധതി

 ഈ മാതൃകയിലുള്ള സോളാർ പദ്ധതി നിലവിലുള്ളത് ജപ്പാനിൽ മാത്രം

 ജപ്പാനിലേത് 13. 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി

 കിഴക്കേ കല്ലടയിൽ പദ്ധതി വരുന്നത് 276 ഏക്കർ പാടശേഖരത്ത്

 ഉത്പാദിപ്പിക്കുന്ന വൈദ്യുതി 50 മെഗാവാട്ട്

 വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. മൊത്തം ലാഭത്തിന്റെ 4 ശതമാനം ഭൂഉടമകൾക്ക് ലഭിക്കും

 25 വർഷത്തേക്കാണ് ഭൂ ഉടമകളുമായുള്ള കരാർ. അതുകഴിഞ്ഞാൽ പുതുക്കാം.

 യാതൊരു പാരിസ്ഥിതിക ആഘാതവും ഇല്ല, ജനവാസത്തെയും ബാധിക്കില്ല

കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി

പദ്ധതിപ്രദേശത്തെ 215 ഏക്കർ ഭൂമി 2008ലെ വെറ്റ് ലാൻഡ് ആക്ടിൽ നിന്ന് ഒഴിവാക്കി അവിടെ സോളാർ പ്രോജക്ടിനുള്ള യന്ത്രസാമഗ്രികൾ സ്ഥാപിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും കൃഷിമന്ത്രി പി. പ്രസാദും നടത്തിയ ചർച്ചയിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തുകയായിരുന്നു.

കിഴക്കേ കല്ലടയുടെ അഭിമാന പദ്ധതിയാണിത്. ഒക്ടോബറിൽ ജോലികൾ ആരംഭിക്കും. പദ്ധതിയുടെ പ്രധാന ഓഹരി ഉടമ പഞ്ചായത്താണ്. 60 ഏക്കർ ഭൂമി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 4 ശതമാനം ലാഭവിഹിതം പഞ്ചായത്തിന് ലഭിക്കും. നാഷണൽ ഹൈട്രോ ഇലക്ടിക് പവർ കോർപ്പറേഷൻ ലാഭവിഹിതവും സി.ആർ.എഫ് ഫണ്ടായി ഉപയോഗിക്കാം.

ഡോ. സി. ഉണ്ണിക്കൃഷ്ണൻ

പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement