കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Tuesday 21 September 2021 9:32 AM IST

തിരുവനന്തപുരം: കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സംസ്ഥാന സ‌ർക്കാർ റവന്യൂ അന്വേഷണം പ്രഖ്യാപിച്ചു. വിവാദമായ ഭൂമിയിടപാടിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിനാണ് അന്വേഷണ ചുമതല.

ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്ന് പരിശോധിക്കകും തണ്ടപ്പേരിൽ ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകൾ വരുത്തിയോ എന്നും അന്വേഷിക്കും. ഭൂമി ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുന്‍വശമുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെ ആണ് ഭൂമി ഇടപാട് നടത്തിയത് എന്നുമായിരുന്നു കേസ്. എന്നാല്‍, സഭ ഭൂമി വില്‍പ്പന നടത്തിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കോടതിയെ അറിയിച്ചിരുന്നു.

Advertisement
Advertisement