വർഗീയതയെന്ന വൈറസിനുള്ള വാക്‌സിനാണ് ഗുരുദേവ ദർശനങ്ങൾ: സ്‌പീക്കർ

Tuesday 21 September 2021 12:51 PM IST

ചെമ്പഴന്തി: വർഗീയതയെന്ന വൈറസിനുള്ള ഫലപ്രദമായ വാക്‌സിനാണ് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും ചിന്തകളുമെന്ന് സ്‌പീക്കർ എം.ബി രാജേഷ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 94ാമത് സമാധി ആചരണം ചെമ്പഴന്തി ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ദർശനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിൽ വെളിച്ചം നൽകേണ്ട കാലഘട്ടമാണിത്. ആധുനിക കേരളത്തിന്റെ ശിലാസ്ഥാപനമാണ് ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ നടത്തിയത്. ആചാര ലംഘനവും ആചാര വിമർശനവും നടത്തിയ ഗുരുദേവൻ മനുഷ്യരിൽ ജാതിഭ്രാന്ത് മൂത്തുപോയതിന് ശങ്കരാചാര്യരെ വിമർശിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെ സാഹോദര്യമെന്നും ക്രി‌സ്‌തുമതത്തെ സ്നേഹമെന്നും പേരിട്ട് വിളിച്ച ഗുരുദേവന്റെ നാടാണിത്. ആരൊക്കെ മറന്നാലും ഇത്തരം ചിന്തകൾ നിരന്തരം അക്കൂട്ടരെ ഓർമപ്പെടുത്താൻ നാം ശ്രദ്ധിക്കണം. കാലത്തിനും ലോകത്തിനും മുമ്പേ സഞ്ചരിച്ചയാളാണ് ഗുരുദേവൻ.

മതത്തെ രാഷ്ട്രീയാധികാരം നേടാൻ ഉപയോഗിക്കുകയാണിപ്പോൾ. അതാണ് അഫ്ഗാനിസ്ഥാനിലും സമീപകാലത്ത് ഇന്ത്യയിലും കണ്ടത്. അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ ഗുരുദേവൻ പിന്തുണച്ചിരുന്നു. എന്നാൽ,​ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അതിനെ ലൗ ജിഹാദ് എന്നൊക്കെയുള്ള മറ്റു പേരുകൾ നൽകി വിളിക്കുകയാണ്. ഗുരുദേവൻ ചെയ്‌ത പ്രവൃത്തികളെ എതിർക്കാൻ അന്ന് സംഘടിത ശക്തിയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനായി മതത്തിന്റെ പേരിൽ സംഘടിത ശക്തി ഉയർന്നു വരികയാണെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി. ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ അദ്ധ്യക്ഷനായി. ​ടി.​എ​ൻ.​പ്ര​താ​പ​ൻ​ ​എം.​പി മുഖ്യപ്രഭാഷണം നടത്തി.വി.​കെ.​ ​പ്ര​ശാ​ന്ത് എം.​എ​ൽ.​എ,​ ​കൗ​ൺ​സി​ല​ർ​ ​ചെ​മ്പ​ഴ​ന്തി​ ​ഉ​ദ​യ​ൻ,​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​കു​ലം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ ​ഷൈ​ജു​ ​പ​വി​ത്ര​ൻ​ ​തുടങ്ങിയവർ സംസാരിച്ചു.