കോടികൾ വാങ്ങിയിട്ട്  സ്ഥലത്ത് കാല്‌കുത്തുക പോലും ചെയ്തില്ല, ശബരിമല വിമാനത്താവളത്തിനായി കൺസൾട്ടൻസിക്കാർ  നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടെന്ന് ആരോപണം

Tuesday 21 September 2021 6:38 PM IST

പത്തനംംതിട്ട : ശബരിമല വിമാനത്താവളത്തെ എതിർത്ത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതോടെ വിമാനത്താവള സ്വപ്നത്തിന് മേൽ കരിനിഴൽ വീണിരിക്കുകയാണ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ച സംഭവിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല.

ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബർഗർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമഗ്രമല്ലെന്ന് ഒരു വർഷം മുൻപ് തന്നെ താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. 4.6 കോടി രൂപയ്ക്കാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ലൂയി ബർഗർ എന്ന കൺസൾട്ടൻസിക്ക് സർക്കാർ കരാർ നൽകിയത്. എന്നാൽ വിമാനത്താവളം വരുന്ന സ്ഥലത്ത് കാലുകുത്താതെയാണ് പ്രോജക്ട് റിപ്പോർട്ട്, കൺസൾട്ടൻസിക്കാർ തട്ടിക്കൂട്ടിയതെന്ന ഗുരുതര ആരോപണവും രമേശ് ചെന്നിത്തല ഉയർത്തുന്നു.

വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും കൺസൾട്ടൻസി കമ്മീഷനിലായിരുന്നു താത്പര്യമെന്നും താൻ മുൻപേ ആരോപിച്ചതാണെന്നും, അന്ന് വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറയുന്നു. ഇക്കാര്യത്തിൽ ആത്മാർത്ഥമായ സമീപനം ഇനിയെങ്കിലും സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertisement
Advertisement