പ്രതികളുടെ എല്ലാ വിവരങ്ങളും അറിയാൻ 'ഡാറ്റാബേസ് ' സംവിധാനവുമായി എക്സൈസ് വകുപ്പ്

Wednesday 22 September 2021 12:00 AM IST

പാലക്കാട്: വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ഹിസ്റ്ററി മുഴുവൻ അറിയാൻ 'ഡാറ്റാബേസ് ' സംവിധാനവുമായി എക്സൈസ് വകുപ്പ്. സംവിധാനം വഴി എക്‌സൈസ് കേസുകളിലെ പ്രതികളുടെ ചിത്രവും ഇവർ ഉൾപ്പെട്ട എല്ലാ കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിൽ ലഭ്യമാകും. കൂടാതെ എൻ.ഡി.പി.എസ്, അബ്കാരി എന്നിങ്ങനെയുള്ള കേസുകൾ വേർതിരിച്ച് അറിയാനും സാധിക്കുമെന്നതാണ് ഡാറ്റാബേസിന്റെ മറ്റൊരു പ്രത്യേകത.

സംസ്ഥാനത്ത് കഞ്ചാവ്, മദ്യം, മെത്താഫിറ്റമിൻ (എം.ഡി.എം.എ) തുടങ്ങിയ ലഹരിക്കടത്ത് കൂടിയ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് പുതിയ സംവിധാനവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവിൽ മുൻകാലങ്ങളിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും മറ്റും പരിശോധിക്കാൻ ഏറെ സമയമെടുക്കുന്നത് ഡാറ്റാബേസ് സംവിധാനം വഴി മറികടക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

  • വിവരങ്ങൾ ഫയലുകളായി സൂക്ഷിക്കും

പിടിക്കപ്പെടുന്ന മറ്റ് കേസുകളിൽ പ്രതികൾ മുമ്പ് കേസുകളിൽ പ്രതിയായിരുന്നോ എന്ന് കണ്ടെത്താൻ അവരുടെ മൊഴി തന്നെയാണ് ഏക ആശ്രയം. ഇതുമൂലം എക്‌സൈസ് കേസുകളിലെ പ്രതികളുടെ വിവരം മറ്റ് ഏജൻസികൾക്ക് കൈമാറാൻ ഏറെ സമയമെടുക്കും. എക്‌സൈസ് തന്നെ അന്വേഷിക്കുന്ന കേസിൽ മറ്റ് ഓഫീസുകളിൽ നിന്ന് കുറ്റവാളികളുടെ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ അത് കൈമാറാനും സാധിച്ചിരുന്നില്ല.

കേസുകൾ രജിസ്റ്റർ ചെയ്യാൻ എക്‌സൈസ് ക്രൈംസ് അണ്ടർ റിഗറസ് ബീറ്റ് (ഇ.സി.യു.ആർ.ബി) എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഇതു പൂർണസജ്ജമല്ല. എന്നാൽ ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളുടെ പേര്, മേൽവിലാസം അടക്കമുള്ള വിവരങ്ങളും വിവിധ വശങ്ങളിൽ നിന്നെടുത്ത പ്രതിയുടെ ഫോട്ടോകളും വിരലടയാളവും കേസിന്റെ കുറിപ്പും അടക്കം പ്രത്യേകം ഡാറ്റാ ബേസിലേക്ക് മാറ്രും. ഈ ഡാറ്റ ഓഫീസുകളിലെ കംപ്യൂട്ടറുകളിൽ ഫയലുകളാക്കി സൂക്ഷിക്കുകയും ചെയ്യും.

Advertisement
Advertisement