ഒട്ടും ആശ്വാസമല്ല ആശ്വാസ കിരണം

Wednesday 22 September 2021 12:26 AM IST

കൊച്ചി: പദ്ധതിയുടെ പേര് ആശ്വാസകിരണം. എന്നാൽ പേരിൽ മാത്രമേയുള്ളൂ ഈ ആശ്വാസം ! കിടപ്പ് രോഗികൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളുള്ള മാതാപിതാക്കളും സർക്കാർ സഹായത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 15 മാസമായി. നിവേദനങ്ങളും അപേക്ഷകളും നൽകിയിട്ടും ഫലമില്ല. 600 രൂപയാണ് സർക്കാർ സഹായം. നിത്യവൃത്തിക്ക് വകയില്ലാത്തവർക്ക് ധനസഹായം ആശ്വാസമായിരുന്നു. 85,63,68,000 കോടി രൂപയാണ് കുടിശിക. 2020 ജൂൺ മുതൽ ഈ മാസം വരെയുള്ള ധനസഹായ വിതരണമാണ് മുടങ്ങിക്കിടക്കുന്നത്.

95,152 പേരാണ് ആശ്വാസ കിരണത്തത്തിന്റെ ഗുണഭോക്താക്കൾ. രോഗികളുടെ ചികിത്സക്കും മരുന്നിനുമെല്ലാമായി ഈ തുക കാത്തിരിക്കുന്നവരാണ് ധനസഹായം മുടങ്ങിയതുമൂലം ദുരിതത്തിലായത്. 2010ൽ തുടങ്ങിയ പദ്ധതി പലതവണ മുടങ്ങി. അതേസമയം 2020 ജനുവരി വരെയുള്ള തുക നൽകിയത് 2021 ജനുവരിയിലാണെന്നും 2020 മേയ് വരെയുള്ള തുക ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നൽകിയതെന്നുമാണ് സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷൻ വിവരവകാശത്തിലൂടെ വ്യക്തമാക്കുന്നത്. യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്.

സഭയിൽ പറഞ്ഞു: പക്ഷേ കിട്ടിയില്ല

ആശ്വാസകിരണം ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കുന്നതിനായി ബഡ്‌ജറ്റ് വിഹിതമായി 40 കോടി രൂപ നീക്കിവച്ചതായി രണ്ടുമാസം മുമ്പ് സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ ധനസഹായ വിതരണം ഇതുവരെയും തുടങ്ങിയിട്ടില്ല. സാമൂഹ്യ സുരക്ഷ പെൻഷൻ പോലെ ആശ്വാസ കിരണത്തിന്റെ ധനസഹായവും വർദ്ധിപ്പിക്കണമെന്നാണ് ഗുണഭോക്തക്കളുടെ ആവശ്യം.

രണ്ട് വ‌ർഷമായി ധനസഹായം ലഭിച്ചിട്ട്. മാസം 600 രൂപ സഹായം ഒരു ആശ്വാസമായിരുന്നു. മരുന്ന് വാങ്ങാൻ പോലും ആയിരങ്ങൾ വേണം. കുടിശിക തീർക്കുകയും ധനസഹായം ഉയ‌ർത്തുകയും വേണം.

ഇന്ദുലേഖ ദാമോദരൻ,ഗുണഭോക്താവ്

കിടപ്പുരോഗികൾക്കടക്കം ആശ്വാസമായിരുന്നു ആശ്വാസ കിരണം പദ്ധതി. കോടികളുടെ കുടിശിക എത്രയും വേഗം നൽകാൻ സ‌ർക്കാർ‌ മുൻകൈ എടുക്കണം.

രാജു വാഴക്കാല,പൊതുപ്രവ‌ർത്തകൻ

ധനസഹായം ലഭിക്കുന്നത്

1.ശാരീക-മാനസീക വെല്ലുവിളി നേരിടുന്നവർ 2.പൂർണമായും കാഴ്ചയില്ലാത്തവർ 3.ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പൾസി ബാധിച്ചവർ 4.പരസഹായം ആശവശ്യമുള്ള കിടപ്പുരോഗികൾ