50,000 കോടിയുടെ നിക്ഷേപത്തിൽ കണ്ണും നട്ട് ​യോഗി സർക്കാർ, പുത്തൻ പ്രതീക്ഷകൾക്ക് പിന്നിൽ പുതിയ പദ്ധതി

Tuesday 21 September 2021 10:14 PM IST

ലക്നൗ: യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (യെയ്ഡ) പ്രദേശത്ത് ഉത്തർപ്രദേശ് സർക്കാർ ഇലക്ട്രോണിക് പാർക്ക് സ്ഥാപിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിക്ഷേപക സൗഹൃദ നയങ്ങൾ കാരണം ഇലക്ട്രോണിക് വ്യവസായ ഭീമന്മാർക്കിടയിൽ ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന താൽപര്യം ഇലക്ട്രോണിക് പാർക്ക് വികസിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതായി യെയ്ഡ സി.ഇ.ഒ അരുൺ വീർ സിം​ഗ് പറഞ്ഞു. ഒപ്പം 50,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്ടർ 14, അല്ലെങ്കിൽ ജവാർ എയർപോർട്ടിനടുത്തുള്ള യെയ്ഡയിലെ സെക്ടർ 10 എന്നിവിടങ്ങളിൽ 250 ഏക്കർ സ്ഥലത്ത് പാർക്ക് വികസിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് സിംഗ് പറഞ്ഞു. മൊബൈൽ, ടിവി, മറ്റ് ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നിർമ്മിക്കുന്ന ദേശീയ അന്തർദേശീയ കമ്പനികൾ പാർക്കിൽ തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കും. ഇലക്ട്രോണിക്സ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാർ നോയിഡയിൽ മെഡിക്കൽ ഉപകരണ പാർക്ക് പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാനുള്ള തീരുമാനം പുറത്ത് വന്നിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നിർമിക്കുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസ് പാർക്കിനായി 350 ഏക്കർ സ്ഥലം യെയ്ഡ നീക്കിവച്ചിട്ടുണ്ട്. ഈ പാർക്ക് 20,000ത്തിലധികം ആളുകൾക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

മെഡിക്കൽ ഡിവൈസ് പാർക്കിനും ഇലക്ട്രോണിക് പാർക്കിനും പുറമേ, ജവാർ എയർപോർട്ട്, ഫിലിം സിറ്റി, ടോയ് പാർക്ക്, ലെതർ പാർക്ക് എന്നിവയും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച ചില പദ്ധതികളാണ്. ടോയ് പാർക്കും ലെതർ പാർക്കും പതിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. യെയ്ഡ മേഖലയിൽ ജവാർ എയർപോർട്ട് സ്ഥാപിക്കാൻ തീരുമാനിച്ചതിന് ശേഷം, ഏകദേശം 1942 നിക്ഷേപകർക്ക് അവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ഭൂമി അനുവദിച്ചതായി സംസ്ഥാന സർക്കാർ പറയുന്നു. വ്യവസായികൾ അവരുടെ ഫാക്ടറികൾ സ്ഥാപിക്കാൻ 17,272.74 കോടി രൂപ നിക്ഷേപിക്കുമെന്നും 2.65 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്നും പ്രതീക്ഷിക്കുന്നു.

Advertisement
Advertisement