കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം നാളെ

Tuesday 21 September 2021 11:12 PM IST

കോന്നി: ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി യുടെ ഉദ്ഘാടനം 23നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് കെ. യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി യുള്ളത്. കോന്നി നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മിച്ചിരിക്കുന്നത്. 3 കോടി 80 ലക്ഷം രൂപ മുടക്കി മൂന്നു നിലയിലായി 16000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടമാണ് പൂർത്തിയായിട്ടുള്ളത്. 2019 നവംബർ മാസത്തിൽ ആരംഭിച്ച് കാലാവധിക്കുള്ളിൽത്തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. 60000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിർമ്മാണം പൂർത്തിയായി. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവർത്തിക്കുക. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, മെഡിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബാണ് കോന്നിയിൽ ആരംഭിക്കാൻ പോകുന്നത്.. പ്രതിവർഷം 4500 മരുന്നുകളോളം പരിശോധിക്കാൻ കഴിയും. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. കെ. യു. ജനീഷ് കുമാർ എം .എൽ .എ ഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement