പ്ളസ് വൺ അലോട്ട്മെന്റ് ഇന്ന്

Wednesday 22 September 2021 12:36 AM IST

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കുമ്പോൾ ഇഷ്ടവിഷയവും ഇഷ്ടസ്കൂളും അധികംപേർക്കും കിട്ടാനിടയില്ല.

എസ്.എസ്.എൽ.സിക്ക് 1,21,318 പേരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾതന്നെ ഇക്കാര്യം വ്യക്തമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി സയൻസ് വിഷയം മോഹിച്ചവർക്ക് ട്രയൽ അലോട്ട്മെന്റിൽ വെയിറ്റിംഗ് ലിസ്റ്റിൽ 880 ാമത്തെ റാങ്ക് വരെയായിരുന്നു.

എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19,651 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3,61,307 പ്ളസ് വൺ സീറ്റുകളാണ് എല്ലാ വിഷയങ്ങൾക്കുമായുള്ളത്. ഇതിനൊപ്പം ഏഴ് ജില്ലകളിൽ 20 ശതമാനം സീറ്റ് കൂട്ടുകയും ചെയ്തതോടെ കൂടുതൽ പേർക്ക് പ്രവേശനം കിട്ടുമെങ്കിലും ആഗ്രഹിക്കുന്ന വിഷയം കിട്ടാനിടയില്ലെന്നാണ് വിലയിരുത്തൽ.

 പുതിയ ബാച്ചുകൾ അനുവദിക്കില്ല

ഈ അദ്ധ്യയനവർഷം പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. അധിക സാമ്പത്തിക ബാദ്ധ്യത വരുമെന്ന് വിലയിരുത്തിയാണിത്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ അധിക ബാ​ച്ചുകൾ വേണമെന്ന്​ കാണിച്ച് ഹയർസെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട്​ തള്ളിക്കൊണ്ടാണ് ഉത്തരവ്.

 പ്ളസ് വൺ സ്‌കൂളുകൾ

സർക്കാർ 819

എയ്ഡഡ് 846

അൺഎയ്ഡഡ് 361

 മൊത്തം ബാച്ചുകൾ 7236

# സർക്കാർ: സയൻസ് 1280, ഹുമാനിറ്റീസ് 676, കോമേഴ്‌സ് 865

# എയ്ഡഡ്: സയൻസ് 1776, ഹുമാനിറ്റീസ് 591, കോമേഴ്‌സ് 935

# അൺഎയ്ഡഡ്: സയൻസ് 660, ഹുമാനിറ്റീസ് 133, കോമേഴ്‌സ് 320

 സീറ്റുകൾ

സർക്കാർ: സയൻസ് 64000, ഹുമാനിറ്റീസ് 33800, കോമേഴ്‌സ് 43250

എയ്ഡഡ്: സയൻസ് 88800, ഹുമാനിറ്റീസ് 29550, കോമേഴ്‌സ് 65100

അൺഎയ്ഡഡ്: സയൻസ് 32776, ഹുമാനിറ്റീസ് 6528, കോമേഴ്‌സ് 15853

നിലവിലെ അലോട്ട്‌മെന്റ്

# ഏകജാലകം 2,39,551

# മാനേജ്‌മെന്റ് ക്വാട്ട 38,799

# കമ്മ്യൂണിറ്റി ക്വാട്ട 21,459

# അൺഎയ്ഡഡ് 55,157

# സ്‌പോർട്‌സ് ക്വാട്ട 6,341