മുത്തേരി കേസ് അന്വേഷണ സംഘത്തിന് പുരസ്കാരം

Wednesday 22 September 2021 12:44 AM IST
സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്കാരം നേടിയ അന്വേഷണ സംഘാംഗങ്ങൾ

 തെളിവില്ലാത്ത കേസിൽ പ്രതിയെ പിടികൂടിയത് രണ്ടാഴ്ചയ്ക്കകം

മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിയ്ക്കു പോകുകയായിരുന്ന വൃദ്ധയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് പണവും ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്‌ജ് ഓഫ് ഓണർ പുരസ്‌കാരം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ കാന്തിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ ഏറ്റുവാങ്ങി.

കേസന്വേഷണ സമയത്ത് മുക്കം പൊലീസ് ഇൻസ്പെക്ടറായിരുന്ന ബി.കെ.സിജു, സബ് ഇൻസ്പക്ടർ സി.സി.സജു, അസി.സബ് ഇൻസ്‌പക്ടർ സലീം മുട്ടാത്ത്, സിവിൽ പൊലീസ് ഓഫീസർ ഷഫീഖ് നിലീയാനിക്കൽ, സൈബർ സെൽ എസ്.ഐ സത്യൻ കാരയാട്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ രാജീവ്‌ ബാബു, വി.കെ.സുരേശൻ,ഷിബിൽ ജോസഫ് എന്നിവരാണ് ബഹുമതി ഏറ്റുവാങ്ങിയത്. പ്രതിയെകുറിച്ചു സൂചനയൊന്നുമില്ലാതിരുന്നതിനാൽ തെളിവില്ലാതെ അന്വേഷണം നിലച്ചു പോകുമായിരുന്ന കേസിൽ പഴുതടച്ച അന്വേഷണത്തിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിയെ പിടികൂടിയതാണ് അന്വേഷണ സംഘത്തെ ബഹുമതിയ്ക്ക് അർഹമാക്കിയത്.