രുഗ്മിണിയമ്മ കരഞ്ഞു , ദേ ഫോണിൽ ലാലേട്ടൻ !

Wednesday 22 September 2021 12:00 AM IST
രുഗ്മിണിയമ്മ

തൃശൂർ: 'എന്തായിത് കരച്ചിൽ. കൊവിഡ് ആയതുകൊണ്ടല്ലേ വരാത്തത്' എന്ന ലാലേട്ടൻ സ്റ്റൈൽ ചോദ്യത്തിൽ രുഗ്മിണിയമ്മയുടെ കണ്ണീരും പരിഭവവുമെല്ലാം അലിഞ്ഞു. നേരിൽ കാണാമെന്ന് പറഞ്ഞ് ഒരു ഫ്‌ളൈയിംഗ് കിസും ടാറ്റയും നൽകി മോഹൻലാൽ വീഡിയോകാൾ അവസാനിപ്പിച്ചപ്പോൾ, 80 വയസുകാരി രുഗ്മിണിയമ്മയുടെ മുഖത്ത് ചിരി.

പതിറ്റാണ്ടുകൾക്ക് മുമ്പ് പൂങ്കുന്നത്തെ അഗ്രഹാരത്തിൽ ഭർത്താവിനൊപ്പം എത്തിയതാണ് രുഗ്മിണി മാമി. ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നു ഭർത്താവ്. അദ്ദേഹത്തിന്റെ മരണശേഷം രുഗ്മിണി തനിച്ചായി. മക്കളില്ല. അയൽക്കാരും നാട്ടുകാരും കൊടുക്കുന്ന സഹായം കൊണ്ടാണ് ജീവിതം. പൂങ്കുന്നം ശ്രീരാമസ്വാമിക്ഷേത്രത്തിന് സമീപമായിരുന്നു താമസം. പണ്ടേ മോഹൻലാലിന്റെ സിനിമകളോട് വലിയ കമ്പം. മോഹൻലാലിനെപ്പോലെ സംസാരിക്കാൻ നോക്കും. ഡയലോഗ് പറയും. തോൾ ചെരിച്ച് നടക്കും. അങ്ങനെ രുഗ്മിണിയമ്മയും താരമായി. ഓട്ടോഡ്രൈവറും യൂ ട്യൂബറുമായ ജോബി ചുവന്നമണ്ണ് അതെല്ലാം പകർത്തി ഫേസ് ബുക്കിലിട്ടു. അത് വൈറലായപ്പോൾ സ്വകാര്യചാനലിലെ കോമഡി ഉത്സവത്തിലേക്ക് ക്ഷണം കിട്ടി. മോഹൻലാലിനെ നേരിൽ കാണണമെന്നുള്ള ആഗ്രഹം ആ വേദിയിലും അറിയിച്ചു. ലാലുമായി ബന്ധമുള്ള പലരും വിളിച്ചു. പക്ഷേ, വർഷങ്ങളായുള്ള ആഗ്രഹം നടന്നില്ല.

കരഞ്ഞ് കരഞ്ഞ്...

രുഗ്മിണിയമ്മയെ കാണാൻ വരുന്ന മോഹൻലാലിനെ കാത്തിരിക്കുകയായിരുന്നു പൂങ്കുന്നത്തുകാർ. അവർ ലാലേട്ടൻ എന്ന് വരുമെന്ന് ചോദിച്ചുകൊണ്ടിരുന്നു. ചിലർ കളിയാക്കി. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വന്നപ്പോഴെങ്കിലും വരുമെന്ന് കരുതി രുഗ്മിണിയമ്മ. എല്ലാവരും കളിയാക്കുന്നുവെന്ന് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. ആ വീഡിയോയും ജോബി പോസ്റ്റ് ചെയ്തു, വൈറലായി. അതുകണ്ടപ്പോൾ ലാലിനും കണ്ണുനനഞ്ഞിരിക്കണം.

തിങ്കളാഴ്ച രാത്രി രുഗ്മിണിയമ്മയെ തേടി മോഹൻലാലിന്റെ വിളിയെത്തി, പൂങ്കുന്നത്തെത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകയുടെ ഫോണിലേക്ക്. സംസാരത്തിനിടെ തോൾ ചെരിച്ചുള്ള ആക്ഷൻ കാണിക്കാനും രുഗ്മിണിയമ്മ മറന്നില്ല. അതുകണ്ട് ലാലിനും ചിരിപൊട്ടി.

ഇടുക്കിയിൽ ഷൂട്ടിംഗ് തിരക്കിലാണിപ്പോൾ. തൃശൂരിലെത്തുമ്പോൾ നേരിൽ കാണാം. ഇനി എല്ലാവരോടു പറഞ്ഞോളൂ, ഞാൻ വിളിച്ചിരുന്നുവെന്ന്. ഇനി വന്നാൽ അമ്മ എനിക്ക് എന്തുതരും?

മോഹൻലാൽ വീഡിയോകാളിൽ

വിളിച്ചപ്പോൾ തന്നെ സന്തോഷം. അദ്ദേഹം കാണാമെന്ന് പറഞ്ഞല്ലോ. ഫോണിൽ കണ്ട് സംസാരിച്ചപ്പോ ഇഷ്ടമായി.

രുഗ്മിണിയമ്മ

രുഗ്മിണിയമ്മയുടെ ഫേവറിറ്റ്സ്

  • സിനിമകൾ

പുലിമുരുകൻ, കമലദളം, ഏയ് ഓട്ടോ, കിലുക്കം, നരസിംഹം

  • പാട്ട്

സുന്ദരി, സുന്ദരി ഒന്നൊരുങ്ങിവാ (ഏയ് ഓട്ടോ)