വടകര പുതിയ സ്റ്റാൻഡ് പരിസരത്ത് വൻ തീപ്പിടിത്തം

Wednesday 22 September 2021 12:55 AM IST
വടകരയിൽ ചെരിപ്പുകടയ്ക്ക് തീപിടിച്ചപ്പോൾ

വടകര: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എടോടി റോഡിലെ ചെരുപ്പുകടയിൽ വൻതീപ്പിടിത്തം. മൂന്നു നിലകളിലായുള്ള പാദ കേന്ദ്രയിലാണ് അഗ്നിബാധയുണ്ടായത്. മുകൾനിലയിലെ ചെരുപ്പുകളത്രയും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

വൈകിട്ട് ആറ് തോമണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. മുകൾനിലയിൽ നിന്ന് തീ പെട്ടെന്ന് ആളിക്കത്തുകയായിരുന്നു. തൊട്ടടുത്തു തന്നെയുള്ള സഹകരണ ബാങ്കിലേക്കും ഹോട്ടലുൾപ്പെടെ മറ്റു സ്ഥാപനങ്ങളിലേക്കും തീ പടരാതിരിക്കാൻ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ഫയർഫോഴ്സിന്റെ പെട്ടെന്നുള്ള ഇടപെടലുണ്ടായി. പഴങ്കാവിൽ നിന്നു എത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ട് സംശയിക്കുന്നുവെങ്കിലും വിശദമായ അന്വേഷണത്തോടെ മാത്രമെ തീപ്പിടിത്തത്തിന്റെ കാരണം സ്ഥിരീകരിക്കാനാവൂ. നഷ്ടവും കൃ‌ത്യമായി കണക്കാക്കേണ്ടതുണ്ട്. .