വർഗീയ വൈറസിന് ഫലപ്രദമായ വാക്‌സിൻ ഗുരുദർശനം : സ്പീക്കർ

Wednesday 22 September 2021 12:00 AM IST

തിരുവനന്തപുരം: മാരകമായ വർഗീയ വൈറസിന് ഏറ്റവും ഫലപ്രദമായ വാക്‌സിൻ ഗുരുദർശനവും സന്ദേശങ്ങളുമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 94-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

മതങ്ങൾക്കതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച ഗുരുദേവനെ സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുകയാണ്. ആധുനിക കേരളത്തിന്റെ ശിലാസ്ഥാപനമായിരുന്നു ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠ. കാലത്തിനും ലോകത്തിനും മുൻപേ സഞ്ചരിച്ചതാണ് ഗുരുദേവ ദർശനം. ആചാര ലംഘനവും ആചാര്യവിമർശനവും നടത്തിയ ഗുരുദേവൻ, മനുഷ്യരിൽ ജാതിഭ്രാന്ത് മൂത്തുപോയതിന് ശങ്കരാചാര്യരെ വരെ വിമർശിച്ചിട്ടുണ്ട്. മിശ്രവിവാഹത്തിന് കാർമികത്വം വഹിച്ചയാളാണ് ഗുരുദേവൻ.പക്ഷേ അത്തരം വിവാഹങ്ങൾക്ക് ഇന്ന് ലൗ ജിഹാദ് ലേബൽ ഒട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപരമത ദ്വേഷമുണ്ടാക്കുന്ന വാക്കുകൾ ആരിൽ നിന്നും ഉണ്ടാകരുതെന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്.രാഷ്ട്രീയ അധികാരത്തിനായി മതത്തെ ദുരുപയോഗം ചെയ്യൽ അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, ഇന്ത്യയിലും നടക്കുന്നു. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും വർഗീയവാദികളാവില്ല. ഇസ്ലാം മതം സഹോദര്യമാണെന്നും ക്രിസ്തു മതം സ്നേഹമാണെന്നും നമ്മെ പഠിപ്പിച്ച ഗുരുദേവന്റെ നാടാണിത്. .. മതവിശ്വാസവും വർഗീയതയും തമ്മിൽ ഒരു ബന്ധവുമില്ല. മതാതീതമായ ആത്മീയതയിൽ വിശ്വസിച്ചയാളാണ് ഗുരുവെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.

.മതപുരോഹിതരിൽ നിന്ന് വിദ്വേഷത്തിന്റെ വാക്കുകൾ ഉയരുന്നത് പ്രബുദ്ധകേരളത്തിന് അപമാനകരമാണെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .ടി.എൻ.പ്രതാപൻ എം.പി , കൗൺസിലർ ചെമ്പഴന്തി ഉദയൻ , ഷൈജു പവിത്രൻ എന്നിവരും സംസാരിച്ചു.