ഏത് ജയിലിലായാലും കൊടി സുനി സൂപ്രണ്ടായിരിക്കും: കെ. സുധാകരൻ
കണ്ണൂർ: ഏത് ജയിലിൽ കിടന്നാലും കൊടിസുനി അവിടത്തെ സൂപ്രണ്ടായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ ഭക്ഷണത്തിന്റെ മെനുവരെ തയ്യാറാക്കുന്നത് കൊടിസുനിയാണ്. അദ്ദേഹത്തെ പോലെയുള്ളവർ ഇടതുഭരണത്തിൽ സുഖശീതളഛായയിൽ കഴിയുകയാണ്.
പിണറായി സർക്കാർ ജയിലിനെ സുഖവാസ കേന്ദ്രമായി മാറ്റി. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളപ്പോൾ നിശബ്ദത പാലിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരിക്ക് ഇത്തരത്തിൽ പെരുമാറാൻ സാധിക്കില്ല.
തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മാത്രമേ പ്രതികരിക്കൂവെന്ന സാഡിസ്റ്റ് നിലപാടാണ് പിണറായിക്കുള്ളത്. അന്ധനും ബധിരനുമായ ഒരു ഭരണാധികാരിയാണ് പിണറായി. ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന ഞങ്ങളുടെ പരാതി ജയിൽ ഡി.ജി.പി അന്വേഷിച്ചപ്പോൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. എന്നിട്ടും ഒന്നുമുണ്ടായില്ല. ജയിലിലുള്ള പ്രതികളെ അതിഥികളായി തീറ്റുപ്പോറ്റുകയാണ്. ഇതുപോലെ തടവുകാർ ജയിലിനെ ദുരുപയോഗിച്ച കാലമുണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.