സംസ്ഥാനത്ത് 27ന് ഹർത്താൽ
Wednesday 22 September 2021 12:14 AM IST
തിരുവനന്തപുരം: പത്ത് മാസമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പരിഹാരം കാണാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 27ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടത്തുന്ന ഭാരത ബന്ത് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചു. പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കൊവിഡ് മാനദണ്ഡം പാലിച്ച് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. ഇന്ന് പ്രധാന തെരുവുകളിൽ ജ്വാല തെളിച്ച് ഹർത്താൽ വിളംബരം ചെയ്യുമെന്ന് സംയുക്ത സമിതി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സെക്രട്ടറി എളമരം കരിം, കൺവീനർ കെ.പി. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.