ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്ത്: സൂത്രധാരൻ ആലുവയിൽ കീഴടങ്ങി

Wednesday 22 September 2021 12:18 AM IST
സലാം മുഹമ്മദ് അലി

ആലുവ: പശ്ചിമബംഗാളിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ മറവിൽ ടൂറിസ്റ്റ് ബസിൽ 150 കിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യസൂത്രധാരൻ ആലുവ കുന്നത്തേരി ബംഗ്ലപറമ്പിൽ വീട്ടിൽ സലാം മുഹമ്മദ് അലി (43) എക്സൈസിന് കീഴടങ്ങി. കഴിഞ്ഞ 12ന് രാവിലെ പാലക്കാട് - സേലം - കന്യാകുമാരി ദേശീയപാതയിൽ വച്ചാണ് 50 ഓളം അന്യസംസ്ഥാന തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. 70 പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ബസിൽ ഒളിപ്പിച്ചിരുന്നത്. പാലക്കാട്ട് വച്ച് രണ്ട് ആഡംബര കാറുകളിൽ കഞ്ചാവ് മാറ്റിക്കയറ്റാൻ ശ്രമിച്ചപ്പോഴാണ് എക്സൈസിന്റെ പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് സലാമിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടെ ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുമ്പാകെ കീഴടങ്ങുകയായിരുന്നു. തുടർനടപടികൾക്കായി പ്രതിയെ പാലക്കാട് അസി. എക്‌സൈസ് കമ്മിഷണർക്ക് കൈമാറി. ലോറി ഡ്രൈവറായിരുന്ന ഇയാൾ ഏറെക്കാലമായി കഞ്ചാവ് കടത്തിൽ പങ്കാളിയാണെങ്കിലും ആദ്യമായിട്ടാണ് പിടിയിലാകുന്നത്. നാൽകാലികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് പ്രതി ആദ്യം കഞ്ചാവ് എത്തിച്ചിരുന്നത്. ലോക്ക് ഡൗണോടെ അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഇയാൾ അവസരമാക്കുകയായിരുന്നു.