ചാരക്കേസ് ഗൂഢാലോചന: സി.ബി.ഐ വിദേശത്തേക്ക്

Wednesday 22 September 2021 1:15 AM IST

അന്വേഷണം വിദേശത്തേക്ക് നീളുമെന്ന് 'കേരളകൗമുദി' ജൂൺ 29ന് റിപ്പോർട്ട് ചെയ്തിരുന്നു

തിരുവനന്തപുരം:രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയുടെ തെളിവുകൾ തേടി സി.ബി.ഐ മാലെദ്വീപിലേക്കും ശ്രീലങ്കയിലേക്കും പോവും. പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കുകയാണ് ദൗത്യം. ചാരക്കേസ് അന്വേഷണത്തിനിടെ ക്രൂരമായ ശാരീരിക പീഡനത്തിനരിയായ ഇരുവരെയും കാണാൻ ഡൽഹിയിലെ സ്പെഷ്യൽ ക്രൈം യൂണിറ്റിൽ ഡി.ഐ.ജിയായ ചാൽക്കെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് അരുൺറാവത്തും സംഘവുമാണ് പോവുക. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് ഫൗസിയ ഹസൻ ഇപ്പോൾ താമസിക്കുന്നത്. മറിയം റഷീദ മാലെദ്വീപിലും. രണ്ടുദിവസം മൊഴിയെടുക്കുമെന്ന് ഇരുവരെയും സിബിഐ അറിയിച്ചു. അടുത്തമാസമാവും മൊഴിയെടുപ്പ്. ഇരുവരെയും ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാൻ സിബിഐ ശ്രമിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം യാത്ര പറ്റില്ലെന്ന് ഫൗസിയ അറിയിച്ചിരുന്നു. തങ്ങളെ ഉപദ്രവിച്ച എസ്.വിജയൻ അടക്കമുള്ളവർക്കെതിരെ ശക്തമായ മൊഴി നൽകുമെന്ന് ഫൗസിയ ഹസൻ പറഞ്ഞു. മാലെദ്വീപുകാരായ മറിയം റഷീദയെയും ഫൗസിയഹസനെയും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും നമ്പിനാരായണന്റെ പേരുപറയിച്ചാണ് ചാരക്കേസെന്ന കെട്ടുകഥയുണ്ടാക്കിയതെന്നാണ് സിബിഐ നേരത്തേ കണ്ടെത്തിയത്.

Advertisement
Advertisement