വിയ്യൂർ ജയിലിലെ തടവുകാരുടെ ഫോൺവിളി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം

Wednesday 22 September 2021 12:24 AM IST

ചുമതല തൃശൂർ എസ്.പി കെ.എസ് സുദർശനന്

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവം തൃശൂർ എസ്.പി. കെ.എസ് സുദർശനന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ജയിൽ മേധാവിയുടെ ശുപാർശയെ തുടർന്ന് മുഖ്യമന്ത്രിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്ത് കൊലക്കേസ് പ്രതികളായ കൊടിസുനിയും റഷീദും ആയിരത്തിലധികം ഫോൺവിളികൾ നടത്തിയെന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ കണ്ടെത്തൽ. അതേസമയം,​ തന്നെ കൊലപ്പെടുത്താൻ റഷീദ് ക്വട്ടേഷൻ ഏറ്റെടുത്തുവെന്ന കൊടിസുനിയുടെ മൊഴിയിൽ കഴമ്പില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കൊടിസുനിയും റഷീദും ഉൾപ്പെടെയുള്ള സംഘങ്ങൾ തമ്മിൽ സൗഹൃദമുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും കൊടിസുനിയുടെ മൊഴിയിൽ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

 വകുപ്പ്തല നടപടി ഉടൻ

ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടിയും ഉണ്ടാകും. സൂപ്രണ്ട് എ.ജി സുരേഷിനെതിരെ കർശന നടപടി വേണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. സെൻട്രൽ ജയിലിൽ റഷീദും കൊടി സുനിയും സ്വൈര വിഹാരം നടത്തുകയായിരുന്നുവെന്ന പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്. അതേസമയം ജയിലിലെ മറ്റ് ജീവനക്കാരെ ആരെയും റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്. തടവുകാർക്ക് മൊബൈൽ ഫോൺ, ചാർജർ ഉൾപ്പെടെയുള്ള എത്തിച്ച് നൽകിയിരുന്നത് ജയിൽ ജീവനക്കാരാണെന്ന ആരോപണം ശക്തമായിരുന്നു. മൊബൈൽ ബാറ്ററി ചാർജ് ചെയ്തു നൽകാൻ 500 രൂപാ വരെ തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ചില ജീവനക്കാർ വാങ്ങിയതായും കണ്ടെത്തിയിരുന്നു.