തിരഞ്ഞെടുപ്പ് അവലോകനം: യു.ഡി.എഫിന്റെ പൂർണദിന യോഗം നാളെ

Wednesday 22 September 2021 12:29 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യുന്നതിനും ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനുമായി യു.ഡി.എഫ് സംസ്ഥാന ഏകോപനസമിതി യോഗം നാളെ ഹോട്ടൽ ഹൈസിന്തിൽ ചേരുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു.

കഴിഞ്ഞ മുന്നണിയോഗത്തിൽ പ്രാഥമികമായ ചർച്ചയാണ് നടന്നത്. ഓരോ ഘടകകക്ഷിയും പ്രത്യേകം തിരഞ്ഞെടുപ്പ് അവലോകനം നടത്തിയതിന്റെ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാകും നാളെ മുന്നണിയോഗം വിശദമായ ചർച്ചയിലേക്ക് കടക്കുക. യു.ഡി.എഫ് താഴെത്തട്ടിലടക്കം പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെതിരായ തുടർ പ്രക്ഷോഭ പരിപാടികളും യോഗം ആലോചിക്കും. നിയമസഭാ സമ്മേളനം അടുത്ത മാസം നാലിന് തുടങ്ങാനിരിക്കെ, സഭാസമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചയായേക്കും.