പ്ലസ് വണ്ണിലേക്ക് പടികയറാം

Wednesday 22 September 2021 12:45 AM IST

ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന്, നാളെ പ്രവേശനം

കൊല്ലം: പ്ലസ്‌വൺ ആദ്യഅലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെരാവിലെ 9 മുതൽ സ്‌കൂളുകളിൽ പ്രവേശനം സാദ്ധ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യലിസ്റ്റനുസരിച്ചുള്ള പ്രവേശനം ഒക്ടോബർ 1 വരെ നടക്കും. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യഅലോട്ട്മെന്റിൽ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം കാൻഡിഡേറ്റ് ലോഗിനിലെ ഫീസ് പെയ്‌മെന്റ് ഓപ്ഷനിലൂടെ ഓൺലൈനായി അടയ്ക്കണം. അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കണ്ട.

അലോട്ട്മെന്റ് വിവരങ്ങൾ അറിയാൻ

 www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കയറുക
 Click for Higher Secondary Admission എന്ന ലിങ്ക് ഉപയോഗിക്കുക
 Candidate Login - SWS എന്നതിലൂടെ ലോഗിൻചെയ്യുക

 തുടർന്ന് First Allot Results എന്ന ലിങ്കുവഴി അലോട്ട്മെന്റ് വിവരംലഭിക്കും

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

01. ഓൺലൈനായി ഫീസടയ്ക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ നേരിട്ട് ഫീസടയ്ക്കാം

02. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാൻ കഴിയും. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം
03. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല

04. ആദ്യഅലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കണം

05. വിദ്യാർത്ഥികൾക്ക് അപേക്ഷിച്ച ഒരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം

06. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ നിർദ്ദിഷ്ട സമയത്ത് സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം
07. അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാം പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പുവയ്ക്കണം

08. യോഗ്യതാസർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം
09. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്ന് ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും
10. വിദ്യാർത്ഥികൾ സ്വയംസാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും. ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കും

11. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും അസൽ നിർബന്ധമായും ഹാജരാക്കണം

12. പ്രവേശനത്തിന്റെ അവസാന തീയതിക്ക് മുൻപായി നേരിട്ട് ഹാജരാകാൻ കഴിയില്ലെങ്കിൽ ഒാൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാണ്.

13. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കും

Advertisement
Advertisement