അഞ്ച് തവണ ബാഡ്ജ് ഒഫ് ഓണർ... കുറ്റാന്വേഷണ മികവിന്റെ തിളക്കത്തിൽ ആഷിർ കോഹൂർ

Wednesday 22 September 2021 12:48 AM IST
ആഷിർ കോഹൂർ ഡി.ജി.പി അനിൽകാന്തിൽ നിന്ന് ബാഡ്ജ് ഒഫ് ഓണർ സ്വീകരിക്കുന്നു

കൊല്ലം: കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ തുടർച്ചയായി അഞ്ചാം തവണയും ഏറ്റുവാങ്ങി കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ ആഷിർ കോഹൂർ. ഉത്ര വധക്കേസ്, തോക്ക് ചൂണ്ടി കവർച്ചാക്കേസ്, കുണ്ടറയിൽ പേരക്കുട്ടിയെ മുത്തശൻ പീഡിപ്പിച്ച കേസ്, കുണ്ടറയിലെ ജുവലറി മോഷണക്കേസ്, പുനലൂർ വാഴത്തോപ്പിൽ ലോറി ഡ്രൈവറെ ആനപ്പാപ്പാൻ കുത്തിക്കൊന്ന കേസ്, കടയ്ക്കൽ സീതാമണി കൊലക്കേസ് എന്നിവയുടെ അന്വേഷണങ്ങൾക്കാണ് അഞ്ച് തവണയായി ആഷിർ കോഹൂരിന് ബാഡ്ജ് ഒഫ് ഓണർ ലഭിച്ചത്.

2020ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിരുന്നു.

എഴുകോൺ പുതുശേരിക്കോണം രാജു ഭവനിൽ റിട്ട. സപ്ളൈ ഓഫീസർ പരേതനായ അബ്ദുൽ കോഹൂരിന്റെയും സബൂറ ബീവിയുടെയും ഏഴ് മക്കളിൽ അഞ്ചാമനാണ് ആഷിർ കോഹൂർ (50). 1996ൽ പാലക്കാടായിരുന്നു ആദ്യ പോസ്റ്റിംഗ്. തുടർന്ന് തൃശൂർ, കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിലായിട്ടാണ് സേവനം അനുഷ്ഠിച്ചുവരുന്നത്. ഭാര്യ: സുൽബത്ത്. മക്കൾ: ആദിഷ കോഹൂർ, ആദിൽ കോഹൂർ.