കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക്: തീരുമാനം രണ്ടുമാസത്തിനുള്ളിൽ

Wednesday 22 September 2021 2:12 AM IST

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് സംബന്ധിച്ച് രണ്ടുമാസത്തിനുള്ളിൽ തീരുമാനമായേക്കും. 2020 ആഗസ്റ്റ് 7നുണ്ടായ വിമാന അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കുന്ന സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.

എ.എ.ഐ.ബിയുടെ ശുപർശകൾ പഠിക്കാനും വിമാനത്താവളമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും സിവിൽ വ്യോമയാന മന്ത്രാലയമാണ് വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോള അദ്ധ്യക്ഷനും മുൻ വ്യോമസേനാ മേധാവി ഫാലി ഹോമി മേജർ, വിമാനത്താവള വിദഗ്ദ്ധൻ അരുൺ റാവു,എയർ നാവിഗേഷൻ സർവീസസ് അംഗം വിനീത് ഗുലാത്തി, എയർഇന്ത്യ, ഡി.ജി.സി.എ, എയർപോർട്ട് അതോറിട്ടി മേധാവികൾ, കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ എന്നിവർ അംഗങ്ങളുമായുള്ള അടങ്ങിയ സമിതി രൂപീകരിച്ചത്. എ.എ.ഐ.ബി നൽകിയ 43 ശുപാർശകൾ അടക്കം പഠിച്ച് രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സമിതിക്ക് നൽകിയ നിർദ്ദേശം. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് സുരക്ഷിതമാകുമോ എന്ന വിഷയവും സമിതി പഠിക്കും.

Advertisement
Advertisement