വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്, ഏഴു ദിവസത്തിനകം മറുപടി നൽകണം
തൃശൂർ: വിയ്യൂർ ജയിലിലെ തടവുപുള്ളികൾ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ഉത്തരമേഖല ജയിൽ ഡി ഐ ജി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡി ജി പിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണം. ഡി ഐ ജിയുടെ റിപ്പോർട്ടിൽ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെതിരെയുള്ള പരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഡി ജി പി വ്യക്തമാക്കി.
വിയ്യൂർ ജയിലിൽ തടവു പുള്ളികൾ നിരന്തരമായി ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ജയിൽ ഡി ജി പി ഇവിടെ പരിശോധന നടത്തിയിരുന്നു. പ്രതികളുടെ ഫോൺ ഉപയോഗത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച ഡി ജി പി, ജയിലിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ക്രൈ ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തീവ്രവാദ കേസുകളിലടക്കമുള്ളവർ കഴിയുന്ന വിയ്യൂർ ജയിലിൽ പ്രതികൾ പൂർണ സ്വാതന്ത്ര്യത്തോടെ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നത് വളരെ ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നതെന്ന് അധികൃതർ അറിയിച്ചു.