പത്തനംതിട്ട പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ
Thursday 23 September 2021 3:08 PM IST
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. രണ്ട് മാസം മുമ്പ് കേസിലെ പ്രതിയായ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പെൺകുട്ടി മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
അച്ഛനും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പുലർച്ചെയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ രാവിലെ പണിക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ പെൺകുട്ടിയായിരുന്നു വാതിൽ പൂട്ടിയതും ലൈറ്റ് ഓഫാക്കിയതെന്നും അമ്മൂമ്മ പറഞ്ഞു. ഇതിനു ശേഷമാകണം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കരുതുന്നു.
രാവിലെ ഉറക്കമുണർന്ന ശേഷം പെൺകുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ വീടിന്റെ പിൻവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി.