ഡി.ജി.പി അദാലത്തിൽ പരിഗണിച്ചത് 41 പരാതികൾ

Friday 24 September 2021 12:12 AM IST
ഡി ജി പി വൈ അനിൽകാന്ത് കാസർകോട്ടെ അദാലത്തിൽ പരാതികൾ കേൾക്കുന്നു

കാസർകോട്: സംസ്ഥാന പൊലീസ് മേധാവി വൈ. അനിൽകാന്ത് നടത്തിയ പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 41 പരാതികൾ. ഇതിൽ പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവിൽ കേസുകളായിരുന്നു. ഇത്തരം കേസുകളുടെ ഭാഗമായി കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം വൈകരുതെന്ന് ഡി.ജി.പി നിർദ്ദേശം നൽകി. അദാലത്തിൽ പരിഗണിച്ച പരാതികൾ പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ് വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും അദാലത്തിൽ പരിഗണിച്ചു. വിഷയത്തിൽ എസ്.പി സർക്കാരിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടികളിൽ വീഴ്ചയുണ്ടാകരുതെന്ന് ഡി.ജി.പി നിർദേശിച്ചു. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നുള്ള പ്രത്യേക സംഘമാണ് പരാതികൾ കൈകാര്യം ചെയ്തത്. 41 പരാതികളിൽ 19 എണ്ണം തുടർ നടപടികൾക്കായി എസ്.പിക്കും നാലെണ്ണം ബേക്കൽ ഡിവൈ.എസ്.പിക്കും കൈമാറി. നാല് പരാതികളിൽ പൊലീസ് ആസ്ഥാനത്ത് നിന്നും തുടർനടപടികളുണ്ടാകും. ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ, കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് എന്നിവരും പങ്കെടുത്തു.

പൊതുജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണോയെന്ന് പരിശോധിക്കും. എല്ലാ വിഭാഗം ആളുകളുമായി മാന്യമായി ഇടപെടാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസുകാർക്കെതിരായ പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടികളുണ്ടാകും. ജില്ലയിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പഠിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കും

വൈ.അനിൽകാന്ത്, സംസ്ഥാന പൊലീസ് മേധാവി

Advertisement
Advertisement