ഭിന്നശേഷിക്കാരായാലും കാർഡ് കൊടുക്കുന്നത് വീട് നോക്കി

Friday 24 September 2021 2:36 AM IST

തിരുവനന്തപുരം: എഴുപത് പിന്നിട്ട അച്ഛന് തുണയാകേണ്ടത് ആകെയുള്ള രണ്ട് ആൺമക്കൾ. അവരാകട്ടെ ഭിന്നശേഷിക്കാരും. മക്കളെപ്പോറ്റാനും അവർക്ക് കയറിക്കിടക്കാനും ഗൾഫിൽ പോയി കഷ്ടപ്പെട്ട് മിച്ചംപിടിച്ച തുകകൊണ്ട് കെട്ടുറപ്പുള്ളൊരു വീടുവച്ചു. വിസ്തൃതി 1200 ചതുരശ്ര അടി. അത് മക്കൾക്കൊരു ശിക്ഷയായി മാറുമെന്ന് എഴുപത് പിന്നിട്ട പിതാവ് ഒരിക്കലും കരുതിയില്ല.

90 ശതമാനം ഭിന്നശേഷിയുള്ള മകനും 60 ശതമാനം ഭിന്നശേഷിയുള്ള മകനും ചികിത്സയ്ക്കും മറ്റും സർക്കാർ നൽകുന്ന ആനുകൂല്യത്തിനായി പൂതക്കുളം സ്വദേശിയായ പിതാവ് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറെ സമീപിച്ചു. അപേക്ഷ നിരസിച്ചു. കാരണം വീടിന്റെ വലിപ്പം.

ഇളയമകൻ ഈ പരിമിതിക്കിടയിലും ലോട്ടറി വില്പന നടത്തിയാണ് കുടുംബം പോറ്റുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് ബി.പി.എൽ കാർഡ് അനുവദിച്ചിരുന്നു.

പുതുക്കിയപ്പോൾ മുൻഗണനാ കാർഡ് നിഷേധിക്കുകയായിരുന്നു. രോഗികളായവർക്ക് മുൻഗണനാകാർഡ് നൽകുന്നുവെന്നറിഞ്ഞാണ് വീണ്ടും താലൂക്ക് ഓഫീസിലെത്തിയത്.

ഇത് ഒരു കുടുംബത്തിന്റെ മാത്രം കാര്യമല്ല. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ വളർത്തുന്നവരെല്ലാം ഈ പ്രതിസന്ധി നേരിടുന്നു. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പഴയ കാർ വാങ്ങിയാലും വീടിന് ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുണ്ടായാലും മുൻഗണനാ റേഷൻകാർഡ് കിട്ടില്ല. മറ്റ് ആനുകൂല്യങ്ങളും കിട്ടില്ല.

അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥർ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ കാർഡുകളും പിടിച്ചെടുത്തിരുന്നു.

 ഒരുത്തരവ് മതി

അർഹതയില്ലാതെ കൈവശംവച്ച മുൻഗണനാ വിഭാഗത്തിലെ 71,923 പിങ്ക് കാർഡുകളും 11,055 മഞ്ഞ കാർഡുകളും സർക്കാരിന് തിരികെ ലഭിച്ചിട്ടുണ്ട്. ചികിത്സാ ആനുകൂല്യം ഉൾപ്പെടെ ലഭിക്കാൻ പിങ്ക് കാർ‌‌ഡ് മതിയാകും. ഗുരുതര രോഗം ബാധിച്ചവരുള്ള കുടുംബങ്ങൾക്ക് മാനദണ്ഡങ്ങൾ പരിഗണിക്കാതെ മുൻഗണനാകാർഡ് നൽകുന്നുണ്ട്. അതേരീതിയിൽ ഭിന്നശേഷിക്കാർക്കും കാർഡ് നൽകാൻ ഒരു ഉത്തരവ് ഇട്ടാൽ മതി.

''ഭിന്നശേഷിക്കാരായ മിക്കവർക്കും മറ്റേതെങ്കിലും രോഗം ഉണ്ടായിരിക്കും. അവശ വിഭാഗമായി കണക്കാക്കി മുൻഗണനാകാർഡ് നൽകണം''

-ആർ.സുധാമണി,

സെക്രട്ടറി, ഭാരതീയ വികലാംഗ

ഐക്യ അസോസിയേഷൻ

Advertisement
Advertisement