ക്വാറം തികഞ്ഞില്ല; തൃക്കാക്കരയിലെ അവിശ്വാസ പ്രമേയം പാളി
Friday 24 September 2021 2:20 AM IST
തൃക്കാക്കര: ഓണസമ്മാന വിവാദത്തെ തുടർന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനെ തുടർന്ന് അവതരിപ്പിക്കാനായില്ല. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളുമടക്കം 25 കൗൺസിലർമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. 43 അംഗ കൗൺസിലിൽ സ്വതന്ത്രനായ പി.സി. മനൂപ് ഉൾപ്പെടെ 18 പ്രതിപക്ഷ കൗൺസിലർമാർ ഹാജരായി.
ചെയർപേഴ്‌സനെതിരെ പരസ്യമായി രംഗത്തുവന്ന കോൺഗ്രസ്, ലീഗ് കൗൺസിലർമാർക്കിടയിലെ പ്രശ്‌നങ്ങൾ ഡി.സി.സി ഇടപെട്ട് പരിഹരിക്കുകയായിരുന്നു. അതേസമയം അജിതയെ മാറ്റാൻ യു.ഡി.എഫിൽ ധാരണയായെന്നാണ് സൂചന. 26ന് യു.ഡി.എഫ് കൗൺസിലർമാരുടെ യോഗം ഡി.സി.സി വിളിച്ചിട്ടുണ്ട്. ഒമ്പതു മാസമായി പ്രതിപക്ഷം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പാളിപ്പോയെന്ന് അജിത തങ്കപ്പൻ പറഞ്ഞു.