അലൈൻമെന്റ് മാറ്റത്തിൽ വലഞ്ഞ് ജനം

Friday 24 September 2021 12:32 AM IST

കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയ പാതയുടെ പുതിയ അലൈൻമെന്റ് നിർണയത്തിൽ അപാകതകളെന്ന ആരോപണമുയർത്തിയുള്ള സമരം 60ലേറെ ദിവസം പിന്നിട്ടിട്ടും നടപടികളായില്ല. 24 കിലോ മീറ്റർ വരുന്ന ദേശീയ പാത വികസനത്തിലെ 1,050മീറ്ററോളം സ്ഥലത്തെ അലൈൻമെന്റിനാണ് പ്രശ്‌നമുള്ളതെന്ന് പ്രദേശവാസികൾ ആക്ഷേപിക്കുന്നു.
കൂനമ്മാവ് മേസ്തിരിപ്പടി മുതൽ ഷെഡ്ഡ്പടി വരെയുള്ള സ്ഥലത്ത് അലൈൻമെന്റ് നിർണയത്തിലെ പ്രശ്‌നംമൂലം വലിയ വളവാണ് രൂപപ്പെട്ടിരിക്കുന്നത്. ആദ്യം നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ അലൈൻമെന്റ്.
ആദ്യം നിശ്ചയിച്ചിരുന്ന 30 മീറ്റർ ഉപേക്ഷിച്ച് പുതിയ 45മീറ്ററാണ് സ്ഥലമെടുക്കുക. ഇതോടെ അഞ്ചേക്കറിലധികം സ്ഥലം വെറുതേ പാഴാകും. കൂടാതെ രണ്ടു വട്ടം സ്ഥലം വിട്ടു നൽകിയവർ മൂന്നാമതൊരിക്കൽ കൂടി ഇതിന് നിർബന്ധിതരാകും.


11 കുടുംബങ്ങൾ പെരുവഴിയിൽ
അലൈൻമെന്റ് പുതുക്കുമ്പോൾ ആദ്യം നിശ്ചയിച്ച 30 മീറ്റർ പാഴാകും. ഇത് ഏകദേശം അഞ്ചേക്കറിൽ അധികം സ്ഥലം വരും. ഇങ്ങനെ ചെയ്യുമ്പോൾ 11 കുടുംങ്ങളും 20ലധികം കച്ചവട സ്ഥാപനങ്ങളും പെരുവഴയിലാകും. 60ലേറെ തൊഴിലാളികളെയും ഈ പ്രശ്‌നം ബാധിക്കും. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിതലം മുതൽ വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.


സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിൽ
ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് അന്തിമ ഘട്ടത്തിലാണെന്നിരിക്കെ ഇടപ്പള്ളി, ചേരാനല്ലൂർ വില്ലേജുകളിൽ സ്ഥലമൊഴിയാൻ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധമുണ്ടെങ്കിലും സ്ഥലം വിട്ടു നൽകാൻ ജനം നിർബന്ധിതരാകും.


കോടികളുടെ അധിക ബാധ്യത
പുതിയ അലൈൻമെന്റ് നിശ്ചയിക്കുന്നതോടെ ആദ്യം ഏറ്റെടുത്ത അഞ്ചര ഏക്കർ വെറുതെയാകും. ഇതിനും പുതിയ സ്ഥലമേറ്റെടുപ്പും എല്ലാംകൂടിയാകുമ്പോൾ 200കോടിയോളം രൂപ അധിക ബാധ്യതയാകും.


സമരം
അലൈൻമെന്റ് മാറ്റത്തിനെതിരെ തിരുമുപ്പത്ത് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം 68 ദിവസത്തിലധികമായി തുടരുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്.


അലൈൻമെന്റ് മാറ്റത്തിൽ അഴിമതിയുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം വേണം.

ടോമി ചന്ദനപറമ്പിൽ, ആക്ഷൻ കൗൺസിൽ പ്രസിഡന്റ്

Advertisement
Advertisement