കോൺഗ്രസിലേക്കുള്ള ഒഴുക്ക് കണ്ണുതുറന്നു കാണണം: കെ.സുധാകരൻ

Friday 24 September 2021 2:51 AM IST

തിരുവനന്തപുരം:ഏതാനും ചിലർ പാർട്ടി വിട്ടപ്പോൾ കോൺഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവർ കോൺഗ്രസിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.

എൻ.സി.പി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം. വിജേന്ദ്രകുമാറും കൂടെയുള്ള പ്രവർത്തകരും രാജിവച്ച് കോൺഗ്രസിൽ ചേർന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ 2000 പേർ ഉടനേ പാർട്ടിയിൽ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേർ ഉടനേ പാർട്ടിയിലെത്തും. കോൺഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാർട്ടിയിൽ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടവരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോൺഗ്രസിനറിയാമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയൻമൂല്യങ്ങളും കോൺഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാൻ കഴിയുന്ന കർമ്മപദ്ധതികളാണ് നടപ്പാക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, എൻ. ശക്തൻ, കെ.മോഹൻകുമാർ, ആർ.ചന്ദ്രശേഖരൻ, എം.വീജേന്ദ്രകുമാർ, കുമ്പളത്ത് ശങ്കരപ്പിള്ള,ജി. അനിൽകുമാർ, വി.കെ. പ്രകാശ്, വി. സിദ്ധാർത്ഥൻ, അജുകുമാർ, മനോജ്, ദിനേശ് ഷാൻമാതുരൻ, സുനിൽ സോമൻ, ഷാജി, അജിത തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement