ഇരയെ വിവാഹം കഴിച്ചാലും പോക്സോ കേസ് റദ്ദാക്കാനാവില്ല: ഹൈക്കോടതി

Friday 24 September 2021 12:58 AM IST

കൊച്ചി: ലൈംഗിക പീഡനം കൊലപാതകത്തെക്കാൾ ഭീകരമായ പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് സ്ത്രീകൾക്കെതിരായ ഏറ്റവും ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമായി അതിനെ കണക്കാക്കുന്നതെന്നും ഹൈക്കോടതി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ, ഇരയെ താൻ വിവാഹം കഴിച്ചതിനാൽ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് വി. ഷെർസി ഇക്കാര്യം പറഞ്ഞത്. ലൈംഗിക പീഡനം ഗൗരവമേറിയ കുറ്റമാണ്. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള ലൈംഗിക അതിക്രമം. അത് അവരുടെ മാനസിക നില തകർക്കും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇത്തരം പീഡനങ്ങൾ തടയാനാണ് പോക്സോ നിയമം നടപ്പാക്കിയതെന്നും ഹൈക്കോടതി പറഞ്ഞു.

2017 മാർച്ചിലാണ് കൊടുങ്ങല്ലൂർ സ്വദേശിയും 21 കാരനുമായ ഒന്നാംപ്രതി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി തന്റെ കൂട്ടുകാരന്റെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. എറിയാട് സ്വദേശിയായ കൂട്ടുകാരൻ കേസിൽ രണ്ടാം പ്രതിയാണ്. കേസ് അന്വേഷിച്ച കൊടുങ്ങല്ലൂർ പൊലീസ് തൃശൂർ അഡി. ജില്ലാ സെഷൻസ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇതിനിടെ 2020 ഡിസംബറിൽ പീഡനത്തിനിരയായ പെൺകുട്ടിയെ ഒന്നാംപ്രതി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആവശ്യം നിരസിച്ച കോടതി പ്രതികൾ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

 സമൂഹത്തെയും ബാധിക്കുന്ന കുറ്റകൃത്യം

ലൈംഗിക പീഡനം എന്നത് ഇരയ്ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തി മാത്രമല്ല, ബന്ധുക്കളെയും സമൂഹത്തെയും ബാധിക്കുന്ന കുറ്റകൃത്യം കൂടിയാണ്. ഇരയെ വിവാഹം കഴിച്ചതും ഒത്തുതീർപ്പുണ്ടാക്കിയതുമൊന്നും കേസ് റദ്ദാക്കാൻ മതിയായ കാരണങ്ങളല്ല. സുപ്രീം കോടതി തന്നെ ഇത്തരം ആവശ്യങ്ങൾ നിരസിച്ച് വിധി പറഞ്ഞിട്ടുണ്ട്.

Advertisement
Advertisement