സഹകരണ സംഘങ്ങളിലെ അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കണം: സതീഷ് കൊച്ചുപറമ്പിൽ

Friday 24 September 2021 12:01 AM IST

പത്തനംതിട്ട: ജില്ലയിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നടക്കുന്ന അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
സീതത്തോട് സഹകരണ ബാങ്കിൽ 1.63 കോടി രൂപയുടെ തട്ടിപ്പ് നടന്നത് 2013 -​18 കാലയളവിലാണെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്.
കുമ്പളാംപൊയ്ക സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പും ഞെട്ടിക്കുന്നതാണ്. ജില്ലാ കമ്മറ്റിയംഗവും ഒരു കോർപ്പറേഷൻ ചെയർമാനുമായിരുന്നു പ്രസിഡന്റ്. കോടതി ഉത്തരവുമായി വരുന്ന നിക്ഷേപകർക്ക് ഇതുവരെ പണം കൊടുത്തിട്ടില്ല. തട്ടിപ്പ് നടത്തുന്നവർ സി.പി.എമ്മിന്റെ ഭാരവാഹികളാണ്.
ഇടതുപക്ഷ മുന്നണി ഭരിക്കുന്ന റാന്നി പെൻഷണേഴ്‌​സ് സർവീസ് സഹകരണ സംഘത്തിലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ചന്ദനപ്പള്ളി സർവീസ് സഹകരണ സംഘത്തിലും സി.പി.എമ്മാണ് ഭരിക്കുന്നത്. ഇവിടെയും കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയരുന്നുണ്ട്.
ജില്ലയിലെ സഹകരണ സംഘത്തിൽ നടക്കുന്ന അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement