കൊവിഡ് മൂന്നാംതരംഗത്തെ നേരിടും : മുഖ്യമന്ത്രി

Friday 24 September 2021 12:19 AM IST
കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

കോന്നി : കൊവിഡ് മൂന്നാം തരംഗമുണ്ടാക്കുന്ന അപകടങ്ങളെ നേരിടാനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ എറണാകുളത്തും 2009 ൽ തൃശൂരും മരുന്നു പരിശോധനാ ലബോറട്ടറി ആരംഭിച്ചു. തിരുവനന്തപുരത്ത് നേരത്തെ തന്നെ ലബോറട്ടറി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ മരുന്നു പരിശോധനാ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നി മരുന്നു പരിശോധനാ ലബോറട്ടറിക്കൊപ്പം തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐ.സി.യു, പൈക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രം, ശിശുക്കളുടെ ആരോഗ്യ സംരക്ഷണം മുൻനിറുത്തിയുള്ള 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, അജോമോൻ, ബ്ലോക്ക് പഞ്ചായത്തംഗം ദേവകുമാർ, ഗ്രാമ പഞ്ചായത്തംഗം ജിഷ ജയകുമാർ, വിക്ടർ .ടി.തോമസ്, രാജു നെടുവമ്പുറം, ആശ തോമസ് , ഡ്രഗ് കൺട്രോളർ കെ. ജെ. ജോൺ, പി.എം.ജയൻ എന്നിവർ പ്രസംഗിച്ചു.