തിരുവല്ല നഗരസഭാ സ്റ്റേഡിയം, കാടിനെ ഒൗട്ടാക്കി ക്രിക്കറ്റുകാർ

Friday 24 September 2021 12:21 AM IST
തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ കാടുതെളിക്കുന്ന ജോലികൾ തുടങ്ങിയ​പ്പോൾ

തിരുവല്ല : ഏറെക്കാലമായി കാടുവളർന്ന് ഇഴജന്തുശല്യം രൂക്ഷമായ തിരുവല്ല നഗരസഭ സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിക്കുന്ന പണികൾ ആരംഭിച്ചു. അടുത്ത ആഴ്ച ആരംഭിക്കുന്ന ലീഗ് മത്സരങ്ങളുടെ ഭാഗമായി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലെ കാട് വെട്ടിത്തെളിക്കുന്നത്. മൈതാനത്തും പവലിയനിലുമായി വളർന്നുനിൽക്കുന്ന കാടും ചെടികളുമാണ് നീക്കുന്നത്. കാട് വളർന്നതോടെ മൈതാനത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കായിക പരിശീലകരും ഇതുകാരണം വിഷമത്തിലായിരുന്നു. പവലിയനിലടക്കം കാട് വളർന്നതോടെ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചത് കായികപ്രേമികൾക്കും പ്രഭാത സവാരിക്കാർക്കും ഭീഷണി സൃഷ്ടിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും ദുരിതങ്ങളും മറ്റുമായി സ്റ്റേഡിയം ഏറെക്കാലമായി ഉപയോഗശൂന്യമായ നിലയിലായിരുന്നു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, കൗൺസിലർമാരായ റെജിനോൾഡ് വർഗീസ്, ജോസ് പഴയിടം, പ്രദീപ് മാമ്മൻ മാത്യു, ശ്രീനിവാസ് പുറയാറ്റ്, അനു ജോർജ് , ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ സാജൻ കെ.വർഗീസ്, സതീഷ് ചന്ദ്രൻ, പ്രമോദ് ഇളമൺ തുടങ്ങിയവർ നേതൃത്വം നൽകി.

1. മൈതാനത്തും പവലിയനിലും കാട്

2. കായിക പരിശീലനവും പ്രഭാത സവാരിയും മുടങ്ങി

3. വെള്ളക്കെട്ടും ഇഴജന്തുക്കളുടെ ശല്യവും

ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും.

ക്രിക്കറ്റ് അസോ. ഭാരവാഹികൾ

Advertisement
Advertisement