പ്ളസ് വൺ : 11933 കുട്ടികൾ ഇന്ന് പരീക്ഷയ്ക്ക്

Friday 24 September 2021 12:24 AM IST
പത്തനംതിട്ട തൈക്കാവ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വണ്ണിന് അലോട്ട്‌മെന്റ് ലഭിച്ച കുട്ടികൾക്ക് അദ്ധ്യാപക​ർ നിർദ്ദേശങ്ങൾ നൽകുന്നു.

പത്തനംതിട്ട : കൊവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടലിൽ കഴിഞ്ഞ വർഷം പ്ളസ് വണ്ണിന് പ്രവേശനം നേടിയ സ്കൂളിലേക്ക് വിദ്യാർത്ഥികൾ ഇന്ന് ആദ്യമായെത്തും. ക്ളാസിനല്ല, പരീക്ഷയ്ക്ക്. ജില്ലയിൽ 83 കേന്ദ്രങ്ങളിലായി 11933 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്നാരംഭിക്കും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുന്നത്. അതിന് മുൻപ് വിദ്യാർത്ഥികൾ എത്തണം. അടുത്തമാസം 18 വരെയാണ് പരീക്ഷ.
പരീക്ഷ നടക്കുന്ന ക്ലാസ് മുറികൾ അണുവിമുക്തമാക്കി. കൊവിഡ് ബാധിതർക്കും സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിനു പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

വിദ്യാർത്ഥികളെ നാലായി തിരിച്ചാണ് ക്രമീകരണം. കൊവിഡ് ബാധിതർ, സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിലുള്ളവർ, പനി പോലെ അസുഖം ബാധിച്ചവർ, മറ്റുള്ളവർ എന്നിങ്ങനെ തരംതിരിച്ച് പരീക്ഷയ്ക്കിരുത്തും. മാസ്‌ക്, സാനിറ്റൈസർ എന്നിവ പരീക്ഷാ ഹാളിൽ ലഭ്യമാക്കും. കൊവിഡ് പോസിറ്റീവായ കുട്ടികൾ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ല. മാസ്‌കിനൊപ്പം ഗ്ലൗസ് ധരിക്കാനാണ് നിർദേശം. ഇവർക്കനുവദിച്ചിട്ടുള്ള പ്രത്യേക ക്ലാസ് മുറികളിൽ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകർ പി.പി.ഇ കിറ്റ് ധരിക്കണം.

പരീക്ഷാകേന്ദ്രങ്ങൾ : 83

പരീക്ഷ ആരംഭിക്കുന്നത് : രാവിലെ 9.40ന്

പരീക്ഷ അടുത്തമാസം 18 വരെ

ആദ്യഘട്ട അലോട്ട്മെന്റിൽ 7951 പേർക്ക് പ്രവേശനം ലഭിച്ചു

ഇൗ വർഷത്തെ പ്‌ളെസ് വൺ ഏകജാലകം ആദ്യഘട്ട അലോട്ട്‌മെന്റ് പ്രകാരം ഇന്നലെ 7951 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. 14515 അപേക്ഷകരാണുള്ളത്. ആദ്യ അലോട്ട്‌മെന്റിലുൾപ്പെടുത്തിയ 9625 മെറിറ്റ് സീറ്റുകളിൽ 1674 ഒഴിവുകളുണ്ട്.
ജനറൽ വിഭാഗത്തിൽ 5053 സീറ്റുകളിലും പ്രവേശനം നൽകിയിട്ടുണ്ട്. സംവരണ വിഭാഗത്തിൽ ഇടിബി വിഭാഗത്തിൽ ആറ് സീറ്റുകളും മുസ്‌ലിം വിഭാഗത്തിൽ 34 സീറ്റുകളും ഒഴിവുണ്ട്. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താത്കാലിക പ്രവേശനം നേടാം.

Advertisement
Advertisement