യുവതിയുടെ ആധാർ ദുരുപയോഗം ചെയ്ത പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ

Thursday 23 September 2021 11:54 PM IST

വള്ളികുന്നം : ഇടപാടുകാരിയുടെ ആധാർ കാർഡ് അനുമതിയില്ലാതെ ഉപയോഗിച്ച് ബാങ്കിൽ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിലായി. വള്ളികുന്നം കാമ്പിശേരി ജംഗ്ഷനിൽ സ്ഥാപനം നടത്തുന്ന കാമ്പിശേരിൽ വീട്ടിൽ കെ.വിജയനാണ് (74) മുൻകൂർ ജാമ്യത്തിന് ജില്ല സെഷൻസ് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം വള്ളികുന്നം പൊലീസിൽ കീഴടങ്ങിയത്. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ വിജയന് 50,​000 രൂപയുടെയും രണ്ട് ആൾ ജാമ്യത്തിലും ജാമ്യം അനുവദിച്ചു.

കടുവിനാൽ താളീരാടി കോതകരക്കുറ്റിയിൽ കോളനി എസ്.ആർ.അഞ്ജു ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു വിജയനെതിരെ കേസെടുത്തത്. അഞ്ജു ഒരു പവന്റെ മാല 30,000 രൂപയ്ക്ക് വിജയന്റെ സ്ഥാപനത്തിൽ പണയം വച്ചിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം 1,57,252 രൂപയുടെ പണയം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സിറിയൻ ബാങ്ക് ചൂനാട് ശാഖയിൽ നിന്ന് അഞ്ജുവിന് നോട്ടീസ് ലഭിച്ചു. ഇങ്ങനെ ഒരു പണയയിടപാട് നടത്തിയിട്ടില്ലെന്ന് അറിയിക്കാൻ അഞ്ജു ബാങ്കിൽ എത്തിയപ്പോഴാണ് തന്റെ ആധാർ ഉപയോഗിച്ച് പലതവണയായി സ്വർണം പണയം വച്ച് ലക്ഷക്കണക്കിന് രൂപ വിജയൻ വാങ്ങിയിട്ടുള്ളതായറിഞ്ഞത്.