വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ്: അന്വേഷണത്തിന് ഉത്തരവ്

Friday 24 September 2021 12:01 AM IST

കൊച്ചി: കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തീയതിയും സെന്ററും തെറ്റായി രേഖപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ ഹൈക്കോടതി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ആലുവ സ്വദേശി കെ.പി. ജോൺ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ നിർദ്ദേശം.

ഹർജിക്കാരൻ കഴിഞ്ഞ മാർച്ചിൽ വാക്സിന്റെ ആദ്യ ഡോസും ഏപ്രിലിൽ രണ്ടാം ഡോസും എടുത്തിരുന്നു. ആലുവയിലെ ഒരു വാക്സിനേഷൻ സെന്ററിൽ നിന്നാണ് ഇരു ഡോസുകളും എടുത്തത്. എന്നാൽ ജൂലായിൽ ലഭിച്ച സർട്ടിഫിക്കറ്റിൽ രണ്ടാം ഡോസ് എറണാകുളത്തെ ഒരു സെന്ററിലാണ് എടുത്തതെന്ന് തെറ്റായി രേഖപ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. ഇത്തരമൊരു തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും പിഴവു പറ്റിയതാണെങ്കിൽ തിരുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. മറിച്ച് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പോ മറ്റു ലക്ഷ്യങ്ങളോ ഇതിനു പിന്നിലുണ്ടെന്ന് കണ്ടാൽ കർശന നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു. ഹർജി ഒരാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.