ഹൈക്കോടതിയുടെ വിമർശനം വീണ്ടും: എത്ര പറഞ്ഞാലും പൊലീസ് നന്നാവില്ല‌

Friday 24 September 2021 12:14 AM IST

കൊച്ചി: "എത്ര പറഞ്ഞിട്ടെന്തു കാര്യം? നമ്മുടെ പൊലീസ് മാറാനേ പോകുന്നില്ല. ഒരു നൂറ്റാണ്ടു മുമ്പുള്ള കൊളോണിയൽ കാലത്തെ സമീപനവും സമ്പ്രദായവും ഇവർ തുടർന്നു കൊണ്ടേയിരിക്കും."

പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നാരോപിച്ച് കൊല്ലം നെടുമ്പന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. നെബു ജോൺ നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.

പൊലീസിന്റെ എടാ, പോടാ വിളികൾക്കെതിരെ ഹൈക്കോടതി നേരത്തേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പൊലീസുകാർ മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ഡി.ജി.പി സർക്കുലർ ഇറക്കുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലെന്ന് ഡോ. നെബു ജോൺ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ജൂൺ ആറിന് കൊവിഡ് ഡ്യൂട്ടിക്കിടെ വൈകിട്ട് നാലരയോടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോൾ ശക്തികുളങ്ങര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജയകുമാർ തടഞ്ഞുനിറുത്തി മോശമായി പെരുമാറിയെന്നാണ് ഡോ. നെബു ജോണിന്റെ പരാതി. സൗത്ത് സോൺ ഐ.ജിക്കും അസി. പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഹൈക്കോടതി അസി. കമ്മിഷണറുടെ റിപ്പോർട്ട് തേടിയിരുന്നു.പൊലീസുകാരന്റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഈയൊരു നിഗമനത്തിൽ എങ്ങനെയെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച്, വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ഹർജി ഒക്ടോബർ ഒന്നിനു പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement