സഹകരണമേഖലയിൽ മാറ്റങ്ങളുണ്ടാകും : മന്ത്രി വാസവൻ
തിരുവനന്തപുരം: സഹകരണമേഖലയിൽ കാലാനുസൃതമാറ്റങ്ങൾ ഉടൻ ഉണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സഹകരണ വാരാഘോഷം സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് പതിറ്റാണ്ട് മുമ്പ് രൂപം കൊണ്ട നിയമങ്ങളും ചട്ടങ്ങളും ഇന്ന് അപര്യാപ്തമാണ്. നിയമത്തിൽ മാറ്റം വരുത്തി കാലോചിതമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. ഇതിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ സഹകരണ നിയമം കുറ്റമറ്റതാക്കി പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ അദ്ധ്യക്ഷ്യത വഹിച്ചു. മന്ത്രി വാസവൻ മുഖ്യരക്ഷാധികാരിയും കോലിയക്കോട് കൃഷ്ണൻ നായർ ചെയർമാനുമായ 110അംഗ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ,എം.എൽ.എ.മാർ,എം.പി.മാർ, മേയർ,സിറ്റി പൊലീസ് കമ്മിഷണർ,സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ രക്ഷാധികാരികളാണ്.
ഇന്ന് വൈകിട്ട് മൂന്നിന് സ്വാഗത സംഘത്തിന്റെ ആദ്യയോഗം ചേരുമെന്ന് ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ അറിയിച്ചു. നവംബർ 14 മുതൽ 20 വരെയാണ് സഹകരണ വാരാഘോഷം.ഉദ്ഘാടനം തിരുവനന്തപുരത്തും കോഴിക്കോട് സമാപനചടങ്ങും നടത്തും.