ജാക്കി തെന്നിമാറി പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം: പഞ്ചറായ പിൻചക്രം മാറ്റാനായി ജാക്കിവച്ച് ഉയർത്തുന്നതിനിടെ മറിഞ്ഞ പിക്കപ്പ് ലോറിക്കടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്രം പുല്ലാട് സന്തോഷ് ഭവനിൽ സുരേഷ് കുമാറാണ് (43) മരിച്ചത്.
ഇന്നലെ പുലർച്ചെ നാലോടെ എം.സി റോഡിൽ കുളക്കട ഹൈസ്‌കൂൾ ജംഗ്ഷനിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴഞ്ചേരിയിലേക്ക് വൈക്കോലുമായി പോവുകയായിരുന്നു പിക്കപ്പ് ലോറി. കുളക്കടയിൽ വച്ച് വാഹനത്തിന്റെ പിൻവശത്തെ ടയർ പൊട്ടി. തുടർന്ന് റോഡരികിൽ നിറുത്തിയ ശേഷം ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി ടയർ മാറ്റാനുള്ള ശ്രമത്തിനിടെ ജാക്കി തെന്നിമാറുകയും വാഹനം സുരേഷിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നു.
അതുവഴി വന്ന മറ്റൊരു വാഹന യാത്രക്കാരനെ സുരേഷ് കുമാർ കൈകാട്ടി വിളിച്ചെങ്കിലും അതിനുമുമ്പ് തന്നെ വാഹനം പൂർണമായും ദേഹത്തേക്ക് മറിഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി വൈക്കോൽ നീക്കിയ ശേഷം വാഹനം ഉയർത്തിയാണ് സുരേഷ് കുമാറിനെ പുറത്തെടുത്തത്. ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജി. മഞ്ജു. മക്കൾ: അദയ സുരേഷ്, ആദിത്യൻ സുരേഷ്. പുത്തൂർ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി,.